തൊടുപുഴ: ഇടതു സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ സർക്കാരിന്റെ ജനദ്രോഹ നടപടികൾ തുറന്നു കാണിച്ചു കൊണ്ട് കെ.പി.എസ്.റ്റി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വഴിയോര കോടതി സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി എം നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി വി.എം ഫിലിപ്പച്ചൻ ഉദ്ഘാടനം നിർവഹിച്ചു. ജീവനക്കാർഹമായ ക്ഷാമബത്ത ഗവൺമെന്റ് നിഷേധിച്ചിരിക്കുകയാണ്. 25% ഡി.എ നൽകേണ്ടിടത്ത് 7% മാത്രം നൽകി 15% വും നിഷേധിച്ചിരിക്കുന്നു.
പങ്കാളിത്ത പെൻഷന്റെ കാര്യത്തിലും സർക്കാർ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സ്കൂൾ തുറക്കാറായിട്ടും പാഠ പുസ്തകങ്ങൾ എത്തിക്കാനൊ, യൂണീഫോം തുണി നൽകാനോ കഴിഞ്ഞിട്ടില്ല. ഉച്ച ഭക്ഷണത്തിന് മതിയായതുക അനുവദിക്കുന്നില്ല. നഷ്ടത്തിന്റെ കണക്കു പറഞ്ഞ് പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ ഗവൺമെന്റ് ശ്രമിക്കുകയാണ്.
അതിന്റെ തുടക്കമാണ് ചെങ്ങന്നൂരിൽ കണ്ടത്. തെറ്റുകൾതിരുത്താൻ ഗവൺമ്മെന്റ് തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികളുമായി കെ.പി.എസ്.റ്റി.എ മുന്നോട്ടു വരുമെന്നും വി.എം ഫിലിപ്പച്ചൻ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു.
യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗം ബിജോയ് മാത്യു മുഖ്യപ്രഭാഷണം നടത്തി. സജി മാത്യു, ഷിന്റോ ജോർജ്, രാജീമോൻ ഗോവിന്ദ്, ദീപു ജോസ്, രതീഷ്.വി.ആർ, ജീസ്.എം.അലക്സ്, സിനി ട്രീസ രശ്മി.എൻ, മിനിമോൾ.ആർ എന്നിവർ സംസാരിച്ചു.