തിരുവനന്തപുരം: ജാർഖണ്ഡ് കൃഷി, മൃഗസംരക്ഷണ – സഹകരണ വകുപ്പ് മന്ത്രി ബാദൽ പത്രലേഖും ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും കേരള കാർഷിക സർവകലാശാല സന്ദർശിച്ചു. ജാർഖണ്ഡ് കൃഷി വകുപ്പ് സെക്രട്ടറി അബൂബക്കർ സിദ്ദിഖ്.ഐ.എ.എസും സംഘത്തിൽ ഉണ്ടായിരുന്നു. കെ.എ.യു രജിസ്ട്രാർ ഡോ. എ.സക്കീർ ഹുസൈൻ മന്ത്രിയെയും സംഘത്തെയും കേരള കാർഷിക സർവ്വകലാശാലയിലേക്ക് സ്വാഗതം ചെയ്യുകയും കെഎയുവിനെക്കുറിച്ച് ഹ്രസ്വമായ ആമുഖം നൽകുകയും ചെയ്തു.
ഡോ. ലത.എ, എ.ഡി.ആർ(ഫാംസ്), ഡോ. സുരേന്ദ്ര ഗോപാൽ (എഡിഇ), ഡോ. ശ്രീവൽസൻ.ജെ.മേനോൻ എന്നിവരും സർവ്വകലാശാലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ആശയവിനിമയത്തിൽ പങ്കെടുത്തു. പിന്നീട് സംഘം സർവ്വകലാശാലയിലെ അഗ്രിബിസിനസ് ഇൻകുബേറ്ററും ജൈവ നിയന്ത്രണവുമായി ബന്ധപ്പെട്ട എ.ഐ.സി.ആർ.പിയും മണ്ണുത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രവും സന്ദർശിച്ചു. അഗ്രി-ബിസിനസ് ഇൻക്യുബേറ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അഗ്രി ബിസിനസ് ഇൻകുബേറ്ററിന്റെ സ്ഥാപനത്തിനായി വിനിയോഗിക്കാവുന്ന വിവിധ ഫണ്ടുകളുടെ സ്രോതസ്സുകളെക്കുറിച്ചും മന്ത്രിക്കും സംഘത്തിനും വിശദമായ വിവരണം നൽകി.
ത്രീഡി ഫുഡ് പ്രിന്റിംഗ് ടെക്‌നോളജി, വിവിധ തരം ഡ്രയറുകൾ, വിവിധ സംസ്‌കരണ ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് അഗ്രികൾച്ചറൽ എൻജിനീയറിങ് വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. കെ.പി.സുധീർ സംഘത്തിന് വിശദീകരിച്ചു. സംരംഭകർക്ക് ഇൻകുബേറ്റർ നൽകുന്ന സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം ടീമിനോട് വിശദീകരിച്ചു. മന്ത്രിയും സംഘവും ജൈവ കീടനിയന്ത്രണ യൂണിറ്റ് സന്ദർശിക്കുകയും കീടങ്ങളുടെയും കളകളുടെയും പരിസ്ഥിതി സൗഹൃദ നിയന്ത്രണത്തിനായി ജൈവ കീടനിയന്ത്രണ സഹായികളുടെ വൻതോതിലുള്ള ഉൽപ്പാദനത്തെക്കുറിച്ച് നേരിട്ട് മനസിലാക്കുകയും ചെയ്തു.
ജൈവ കീടനിയന്ത്രണ സഹായികളുടെ വലിയ തോതിലുള്ള വിനിയോഗത്തിൽ കാർഷിക സർവ്വകലാശാല കൈവരിച്ച നേട്ടങ്ങൾ സർവ്വകലാശാല പ്രതിനിധികൾ വിശദീകരിച്ചു. ഇവയുടെ ഉൽപ്പാദനത്തിൽ ജാർഖണ്ഡിലെ കർഷകർക്ക് പരിശീലനം നൽകുന്നതിന്റെ സാധ്യതകൾ മന്ത്രി ആരാഞ്ഞു. തുടർന്ന് സംഘം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം സന്ദർശിക്കുകയും സ്റ്റേഷനിൽ വികസിപ്പിച്ചെടുത്ത വിവിധ കാർഷിക യന്ത്രങ്ങൾ കാണുകയും ചെയ്തു.
മണ്ണുത്തിയിലെ എ.ആർ.എസിൽ യന്ത്രവൽക്കരണ മേഖലയിൽ മാസ്റ്റർ ട്രെയിനർമാരെ പരിശീലിപ്പിക്കുന്നതിന്റെ സാധ്യതകൾ മന്ത്രി ആരായുകയും ജാർഖണ്ഡിലെ കാർഷിക മേഖലയുടെ വികസനത്തിന് കേരള കാർഷിക സർവ്വകലാശാലയുടെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.