ബാംഗ്ലൂർ: കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർഥഹള്ളിയിൽ കെട്ടിട നിർമാണ തെഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. രാജണ്ണയെന്ന തൊഴിലാളിയാണ് സഹപ്രവർത്തകരായ ബീരേഷ്, മഞ്ജപ്പ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഇഡ്‌ലിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കുരുവള്ളിയിൽ നിർമാണത്തിലുള്ള വിശ്വകർമ കമ്മ്യൂണിറ്റി ഹാളിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാവിലെ കഴിക്കാൻ ഇഡ്‌ലി ഉണ്ടാക്കിയത് രാജണ്ണയായിരുന്നു. വൈകിട്ടും ഇഡ്‌ലിയാണെന്നു പറഞ്ഞതിനെത്തുടർന്നാണ് സഹപ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടായത്.
ഇതിനെത്തുടർന്ന് രാജണ്ണയുമായി വാക്കേറ്റമുണ്ടാവുകയും മർദിക്കുകയും ചെയ്തു. വൈകിട്ട് ഇരുവരും ഉറങ്ങുന്ന സമയത്ത് പിക്കാസു ഉപയോഗിച്ച് പ്രതി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്.