മലപ്പുറം: തിരൂരിൽ നിന്നും കാണാതായ വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിഖിനെയാണ്(58) കൊലപ്പെടുത്തി മൃതദേഹഭാഗങ്ങൾ ഉപേക്ഷിച്ചത്. അട്ടപ്പാടി ചുരത്തിലെ പത്താം വളവിന് സമീപമാണ് ട്രോളി കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് സിദ്ധിഖിൻറെ ഹോട്ടൽ ജീവനക്കാരായ ഷിബിൽ (22) ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവരെയും ഫർഹാനയുടെ സുഹൃത്ത് ചിക്കുവെന്ന ആഷിക്കിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ചെന്നൈയിൽ പിടിയിലായ ഇരുവരും നിലവിൽ തമിഴ്നാട് പൊലീസിൻറെ കസ്റ്റഡിയിലാണ്. ഹോട്ടലിലെ മേൽനോട്ടക്കാരനായിരുന്നു ഷിബിലിയെന്നാണ് വിവരം. ഇയാൾ ഹോട്ടലിൽ ജോലിക്കെത്തിയിട്ട് വെറും രണ്ടാഴ്ച്ച മാത്രമേ ആയിട്ടുള്ളു. ഇതിനിടയിൽ ഹോട്ടലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് ഇയാളെ പിരിച്ചു വിട്ടിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊന്ന് വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. മേയ് 18 തീയതിയാണ് സിദ്ധിഖ് വീട്ടിൽ നിന്നും ഇറങ്ങുന്നത്. 18, 19 തീയതികൾ തന്നെയാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. മൃതദേഹത്തിന് 7 ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.
കൊലയ്ക്ക് ശേഷം ഇവർ സിദ്ധിഖിൻറെ എ.റ്റി.എം കാർഡ് ഉപയോഗിച്ച് 2 ലക്ഷത്തിലധികം തുക കൈപ്പറ്റിയതായുമുള്ള വിവരങ്ങളുണ്ട്. സംഭവത്തിനു ശേഷം പ്രതികൾ ട്രെയിനിലാണ് രക്ഷപെട്ടത്. റെയിൽവേ പൊലീസാണ് പ്രതികളെ പിടികൂടിയത്.
ഇന്ന് മലപ്പുറം എസ്.പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷിച്ച സ്ഥലത്തെത്തി അന്വേഷണം നടത്തും. ഷിബിലിയും ഫർഹാനയും കഴിഞ്ഞ ദിവസം മുതൽ ഒളിവിലായിരുന്നു. ഇവർ പിന്നീട് ചെന്നൈയിലേക്ക് മുങ്ങി. കേരള പൊലീസ് നൽകിയ വിവരമനുസരിച്ച് ഇവരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.അധികം വൈകാതെ ഇരുവരെയും കേരളത്തിലേക്ക് എത്തിക്കുമെന്ന് മലപ്പുറം എസ്.പി പറഞ്ഞു.