കൊച്ചി: ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ സ്ഥാനത്തു നിന്നും തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി.വി ശ്രീനിജിൻ എം.എൽ.എ. അധിക ചുമതല ഒഴിവാക്കിത്തരണമെന്നു സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ നൽകിയ കത്തിൻറെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്നും ഔദ്യോഗിക അറിയിപ്പു ലഭിച്ചാൽ രാജി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച്ചയാണ് ശ്രീനിജനോട് എറണാകുളം സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിയാൻ സി.പി.എം ആവശ്യപ്പെട്ടത്.
എം.എൽ.എ സ്ഥാനത്തിനൊപ്പം മറ്റു പദവികൾ കൂടി വഹിക്കരുതെന്ന പാർട്ടി തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണ് നടപടി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കേരള ബ്ലാസ്റ്റേഴ്സിൻറെ സെലക്ഷൻ ട്രയൽ നടക്കുന്ന ഗ്രൗണ്ടിലേക്ക് കുട്ടികളെ കടത്താതെ ഗേറ്റ് പൂട്ടിയിട്ടത് വൻ വിവാദമായി മാറിയിരുന്നു. സെലക്ഷനെത്തിയ നൂറോളം കുട്ടികളെ പുറത്താക്കിയാണ് ഗേറ്റ് പൂട്ടിയത്. കേരള ബ്ലാസ്റ്റേഴ്സ് ജില്ലാ സ്പോർട്സ് കൗൺസിലിന് വാടക നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ഗേറ്റ് പൂട്ടിയത്. പിന്നീട് ഗേറ്റ് പൂട്ടിയത് താനല്ലെന്ന് ശ്രീനിജൻ വിശദീകരണം നൽകിയിരുന്നു.