യു.എൻ: ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടത്തിയ അന്താരാഷ്ട്ര യോഗ ദിനാഘോഷം ലോക റെക്കോഡ് സ്ഥാപിച്ചു.

ഒരേ യോഗാഭ്യാസത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുത്തതിൻറെ റെക്കോഡാണ് ഈ പരിപാടിയുടെ പേരിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നത്.
135 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഹോളിവുഡ് താരം റിച്ചാർഡ് ഗെരെ, ന്യൂയോർക്ക് മേയർ എറിക് ആഡംസ് തുടങ്ങിയ പ്രമുഖരും ഇതിൽ ഉൾപ്പെടുന്നു.
ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംഭോജിന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രതിനിധി മിഷേൽ എംപ്രിക് ഗിന്നസ് റെക്കോർഡിൻറെ സാക്ഷ്യപത്രം കൈമാറി. പരിപാടി സംഘടിപ്പിക്കുമ്പോൾ തന്നെ ഗിന്നസ് അധികൃതരെ അറിയിച്ച് പ്രതിനിധികളെ ഏർപ്പെടുത്തിയിരുന്നു.
ലോകത്തിലെ മിക്ക രാജ്യങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ പരിപാടിക്കെത്തിയിട്ടുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്ന് മോദി ഈ പരിപാടിയെ അഭിസംബോധന ചെയ്യുമ്പോൾ പരാമർശിക്കുകയും ചെയ്തിരുന്നു. യോഗാഭ്യാസത്തിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിൽനിന്നുള്ളവർക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.