Timely news thodupuzha

logo

ടൈറ്റൻ കണ്ടെത്താനുള്ള ശ്രമം തുടരുന്നു; കടലിനടിയിൽ നിന്ന് പുതിയ ചില ശബ്ദങ്ങൾ കേട്ടെന്ന് രക്ഷാപ്രവർത്തകർ

ബോസ്റ്റൺ: ടൈറ്റാനിക്കിൻറെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രികരുമായി അറ്റ്ലാൻറിക് സമുദ്രത്തിൻറെ അടിത്തട്ടിലേക്കു പോയ വഴി കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ കണ്ടെത്താനുള്ള ശ്രമം ഊർജിതമായി തുടരുന്നു.

കടലിനടിയിൽ നിന്ന് പുതിയ ചില ശബ്ദങ്ങൾ കേട്ടതാണ് രക്ഷാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷ പകരുന്നത്. ബുധനാഴ്ചയും അര മണിക്കൂർ ഇടവിട്ട് ശബ്ദങ്ങൾ കേട്ടിരുന്നെങ്കിലും ഉറവിടം കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് കൂടുതൽ ഉച്ചത്തിൽ പുതിയ ശബ്ദം കേട്ടുതുടങ്ങിയത്.

ഈ ശബ്ദം ടൈറ്റനിൽ നിന്നു തന്നെയാണോ വരുന്നതെന്ന് ഇപ്പോഴും ഉറപ്പില്ലെങ്കിലും, ഇതു കേന്ദ്രീകരിച്ചു തന്നെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. കടലിനടിയിൽ തെരച്ചിൽ നടത്താൻ സഹായിക്കുന്ന റോബോട്ടിൻറെയും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെയും സ്ഥാനം ഈ ശബ്ദത്തിൻറെ അടിസ്ഥാനത്തിൽ മാറ്റുകയാണ് രക്ഷാപ്രവർത്തകർ.

വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ പതിനൊന്നോടെ പേടകത്തിനുള്ളിലെ ഓക്സിജൻ തീരുമെന്നാണ് കണക്കാക്കുന്നത്. ഇതിനുള്ളിൽ പേടകം കണ്ടെത്തി മുകളിലെത്തിക്കുകയോ, കടലിനടിയിൽ വച്ചു തന്നെ ഓക്സിജൻ എത്തിച്ചുകൊടുക്കുകയോ ചെയ്യുക എന്നതാണ് ദൗത്യം.

22 മീറ്റർ മാത്രം നീളമുള്ള ഈ പേടകം മഹാസമുദ്രത്തിൽ നിന്നു തെരഞ്ഞു കണ്ടുപിടിക്കുക എന്നത് അതീവ ദുഷ്കരമായ ദൗത്യമാണ്. പേടകത്തിൻറെ ഉടമസ്ഥരായ ഓഷൻഗേറ്റിൻറെ സിഇഒ അടക്കം അഞ്ച് പേരാണ് ഇതിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *