തൊടുപുഴ: റിട്ട. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കരിമണ്ണൂര്‍ പന്നൂര്‍ കൊണ്ടാട്ടുമഠത്തില്‍ കെ.എന്‍ സോമശേഖരന്‍ എഴുതിയ ‘ചക്രം’ നോവലിന്റെ പ്രകാശനം നടത്തി. തൊടുപുഴ പെന്‍ഷന്‍ ഭവന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് റിട്ട. ജില്ലാ പോലീസ് മേധാവി കെ.വി ജോസഫ് ഉദ്ഘാടനം ചെയ്തു. സോമശേഖരന്റെ സമകാലീനരായ ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും സാഹിത്യ രംഗത്തുള്ളവരും ഉള്‍പ്പെടെ നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗ്രാമീണ പശ്ചാത്തലവും ജീവിതവും ഇതിവൃത്തമാക്കി മൂന്ന് മാസക്കാലയളവിനുള്ളിലാണ് കെ.എന്‍ സോമശേഖരന്‍ ചക്രത്തിന്റെ രചന പൂര്‍ത്തിയാക്കിയത്. യെസ്‌പ്രെസ്സ് ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സര്‍വ്വീസിലിരിക്കുമ്പോള്‍ തയ്യാറാക്കിയിരുന്ന റിപ്പോര്‍ട്ടുകള്‍ പോലെ അടുക്കും ചിട്ടയും ഒതുക്കവുമുള്ളതാണ് സോമശേഖരന്റെ പുസ്തകത്തിന്റെ രചനാ ശൈലിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത റിട്ടയേര്‍ഡ് ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് പറഞ്ഞു.
കവി സുകുമാര്‍ അരിക്കുഴ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ട.എസ്.പി രതീഷ് കൃഷ്ണന്‍ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രശസ്ത ചെറുകഥാകൃത്ത് രേഖാ വെള്ളത്തൂവല്‍ പുസ്തകം പരിചയപ്പെടുത്തി. ചടങ്ങില്‍ കെ.എസ്.എസ്.പി.യു കരിമണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.ബി ഡാമിയന്‍, കെ.എസ്.പി.പി.ഡബ്‌ള്യു.എ തൊടുപുഴ മേഖലാ പ്രസിഡന്റ് പി.എന്‍. വിജയന്‍, കെ.എസ്.പി.പി.ഡബ്‌ള്യു.എ സെക്രട്ടറി വി.യു മാത്യു, സതീഷ് സോമന്‍, സ്മിത എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു. വിശ്രമ ജീവിതത്തിനിടെ അപ്രതീക്ഷിതമായി ഗുരുതര രോഗം ബാധിച്ച് ഏറെ നാള്‍ ആശുപത്രിവാസവും തുടര്‍ന്ന് സംസാരിക്കാന്‍ പോലുമാകാത്ത വിശ്രമത്തിലുമായിരുന്നു. ഇതിനിടെയാണ് കഥ മനസിലേക്കെത്തുന്നതും പിന്നീട് പുസ്തക രൂപത്തിലാക്കുന്നതുമെന്ന് അദ്ദേഹം പറഞ്ഞു.
1951-ല്‍ ഇടുക്കി ജില്ലയില്‍ തൊടുപുഴ കരിമണ്ണൂരിനടുത്ത് പന്നൂരില്‍ എന്‍.എസ്.എസ് യു.പി. സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന കെ. നാരായണപിള്ളയുടേയും നാണിക്കുട്ടിയമ്മയുടേയും മകനായാണ് സോമശേഖരന്‍ ജനിച്ചത്. പന്നൂര്‍ എന്‍.എസ്.എസ്, യു.പി. സ്‌കൂളിലും കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലുമാണ് പ്രാഥമിക വിദ്യാഭ്യാസം. തൊടുപുഴ ന്യൂമാന്‍ കോളേജിലും കാലടി ശ്രീശങ്കര കോളേജിലുമായി ഉപരിപഠനം പൂര്‍ത്തിയാക്കി. 1973 മുതല്‍ 2006 വരെയുള്ള കാലയളവില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി വിരമിച്ച സോമശേഖരന്‍ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്. നളിനിയാണ് ഭാര്യ. സതീഷ് സോമന്‍, സ്മിത എസ്. നായര്‍ എന്നിവര്‍ മക്കളാണ്.