ജറുസലേം: നിയമ സംവിധാനം അട്ടിമറിക്കാനുള്ള ബെന്യാമിൻ നെതന്യാഹു സർക്കാർ നീക്കത്തിനെതിരെ ഇസ്രയേൽ തെരുവുകളിൽ ജനരോഷം ശക്തം. പ്രക്ഷോഭം 28 ആഴ്ച പൂർത്തിയാക്കിയ ശനിയാഴ്ച രാത്രി ടെൽ അവീവിൽ പതിനായിരങ്ങൾ തടിച്ചുകൂടി.
സുപ്രീം കോടതിയുടെ അധികാരം ചുരുക്കുന്ന ബില്ലുമായി സർക്കാർ മുന്നോട്ടു പോയാൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് പ്രക്ഷോഭകർ മുന്നറിയിപ്പ് നൽകി. സുപ്രീം കോടതിക്കുമേൽ പാർലമെന്റിന് അധികാരം നൽകുന്ന ബില്ലാണ് സർക്കാർ പരിഗണിക്കുന്നത്.
നിരവധി അഴിമതിക്കേസുകൾ നേരിടുന്ന നെതന്യാഹുവിന് വിചാരണയിൽ നിന്ന് സംരക്ഷണം നൽകാനാണ് നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. ആദ്യവട്ട വോട്ടെടുപ്പിൽ ബിൽ പാർലമെന്റിൽ പാസായി. മാസാവസാനം നടക്കുന്ന രണ്ടും മൂന്നും വട്ടം വോട്ടെടുപ്പുകളിൽ കൂടി പാസായാൽ നിയമമാകും.
ബിൽ പാർലമെന്റിൽ ആദ്യം അവതരിപ്പിച്ചതു മുതൽ കടുത്ത എതിർപ്പാണ് വിവിധവിഭാഗം ജനങ്ങൾക്കിടയിൽ നിന്ന് ഉയരുന്നത്. എല്ലാ ശനിയാഴ്ചയും ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു.
മറ്റ് ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിവിധ തൊഴിൽ സംഘടനകളും ആരോഗ്യ സംഘടനകളും സൈനികരും ഉൾപ്പെടെ ബില്ലിനെതിരെ രംഗത്തെത്തി. പൈലറ്റുകളും ഐ.റ്റി മേഖലയിൽ നിന്നുള്ളവരും പ്രതിഷേധത്തിൽ സജീവമായി പങ്കെടുക്കുന്നു.
പുനർവിചിന്തനം വേണമെന്ന് പ്രസിഡന്റുതന്നെ ആവശ്യപ്പെട്ടിട്ടും വീണ്ടും ബില്ലുമായി മുന്നോട്ടുപോകുകയാണ് സർക്കാർ. അതിനിടെ, ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നെതന്യാഹു ഞായറാഴ്ച ആശുപത്രി വിട്ടു.