കോഴിക്കോട്: അഞ്ച് വർഷം നീണ്ടു നിന്ന വേദനകൾക്കൊടുവിൽ ഹർഷിനയ്ക്ക് അനുകൂലമായ റിപ്പോർട്ടുമായി പൊലീസ്.
കോഴിക്കോട് സ്വദേശിയായ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളെജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ആണെന്നാണ് അന്വേഷണത്തിനൊടുവിൽ പൊലീസ് കണ്ടെത്തിയത്.
മെഡിക്കൽ കോളെജ് അസിസ്റ്റൻറ് കമ്മിഷണർ കെ.സുദർശനാണ് അന്വേഷണം നടത്തിയത്. കേസിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ജില്ലാ മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകി.
ഡി.എം.ഒ ചെയർമാനായ ബോർഡിൽ അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ, ഗൈനക്കോളജിസ്റ്റ്, അനസ്തിറ്റ്, മെഡിസിൻ, സർജറി ഫൊറൻസിക് മെഡിക്കൽ വിഭാഗങ്ങളിലെ ഡോക്ററർമാർ എന്നിവർ അംഗങ്ങളായിരിക്കും.
ഓഗസ്റ്റ് ഒന്നിന് ബോർഡ് ചേർന്നേക്കും. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയെന്നാരോപിച്ച് കഴിഞ്ഞ ഫെബ്രുവരി 26നാണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.
മെഡിക്കൽ കോളെജ് മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് വകുപ്പു മേധാവികൾ എന്നിവരെ പ്രതി ചേർത്താണ് പൊലീസ് കേസെടുത്തിരുന്നത്.
2017 നവംബർ 30നായിരുന്നു കോഴിക്കൽ മെഡിക്കൽ കോളെജിൽ ഹർഷിനയുടം മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്കു ശേഷം തുടർച്ചയായി വേദനയും രക്തസ്രാവവും ഉണ്ടായിരുന്നു. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പിന്നീട് 2022 ൽ നടത്തിയ സിടി സ്കാനിലാണ് വയറ്റിൽ കത്രിക ഉള്ളതായി കണ്ടെത്തിയത്.
2022 സെപ്റ്റംബർ 17ന് മെഡിക്കൽ കോളെജിൽ നടന്ന ശസ്ത്രക്രിയയിൽ 6.1 സെൻറീമീറ്റർ നീളവും 5.5 സെൻറീമീറ്റർ വീതിയുമുള്ള കത്രിക പുറത്തെടുത്തു.
സംഭവത്തിൽ നീതി തേടി ഹർഷിന മെഡിക്കൽ കോളെജിനു മുൻപിൽ അനിശ്ചിത കാല സത്യാഗ്രഹവും നടത്തിയിരുന്നു.