അടിമാലി: ബന്ധുവിൻ്റെ വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. പനം കുട്ടി ഇഞ്ചത്തൊട്ടി മലേപ്പറമ്പിൽ മാത്യു ഔസേപ്പിന്റെ(89) കഴുത്തിനാണ് വെട്ടേറ്രത്. മാത്യുവിൻ്റെ സഹോദരൻ്റെ മകൻ ഷൈജൂവാണ് കഴുത്തിന് വെട്ടിയത്. 28 നായിരുന്നു സംഭവം.
ആക്രമണത്തിൽ മാത്യുവിന്റെ ചെവി അറ്റുപോയി. കഴുത്തിന് മാരകമായ മുറിവേറ്റു. രക്തം വാർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്നു ആശുപത്രിയിൽ എത്തിച്ചത്. ഞായറാഴ്ചയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ്മോർട്ടിത്തിന്നു ശേഷം ബന്ധുക്കൾക്ക് വിട്ടും നൽകും. ഭാര്യ: കുഞ്ഞമ്മ, മക്കൾ: സോയി, ഡൊമിനിക്, സിനി, സിജി. മരുമക്കൾ: പ്രിൻസി, ബാബു, ജോബി.
അയൽ വാസികൾ കൂടിയായ ഇരുവരും തമ്മിൽ വാക്കേറ്റം പതിവായിരുന്നു. മാത്യുവിൻ്റെ പുരയിടത്തിൽ നിന്ന് ജാതിക്കാ ഉൾപ്പെടെയുള്ളവ സ്ഥിരമായി കാണാതാവുന്നതിനെ തുടർന്ന് ഷൈജുവിന്റെ പേരിൽ കുറ്റം ആരോപിച്ച് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. കേസ് കൊടുത്തതിലുള്ള വൈര്യത്തിലാണ് മാത്യുവിനെ വെട്ടി കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
ആക്രമണത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ വെള്ളിയാഴ്ച തന്നെ പൊലീസ് അറസ്റ്റു ചെയ്തിയിരുന്നു. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും വെള്ളത്തുവൽ പൊലീസ് പറഞ്ഞു.