കോട്ടയം: സ്പീക്കർ എം.ഷംസീറിൻറെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ എൻ.എസ്.എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചാരണത്തിന് തുടക്കമായി. സ്പീക്കറുടെ പ്രസ്താവന ഹൈന്ദവ ജനതകളുടെ ചങ്കിൽ തറച്ചതാണെന്നും മാപ്പ് പറയണമെന്ന കാര്യത്തിൽ ഒരു മാറ്റവുമില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതികരിച്ചു.
വാഴപ്പള്ളി മഹാദേവക്ഷേത്ര ദർശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രമല്ല വിശ്വാസമാണ് വലുത്. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ അപമാനിക്കാൻ ശ്രമിച്ചാൽ എല്ലാ തരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് നേരിടേണ്ടി വരും.
ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ തുടക്കം മുതൽ അവസാനം വരെ മുന്നിൽ നിന്ന പ്രസ്ഥാനമാണ് എൻ.എസ്.എസ്. സ്പീക്കർക്കെതിരായ പ്രതിഷേധം ശബരിമല വിഷയത്തിലുണ്ടായതിന് സമാനമാണ്.
ഇത്രയും മോശമായ രീതിയിൽ സംസാരിച്ച ജനപ്രതിനിധികളുടെ ജനപ്രതിനിധി ആ സ്ഥാനത്ത് തുടരാൻ അർഹനല്ല. ഹൈന്ദവ ജനതയോട് മാപ്പു പറയണമെന്ന കാര്യത്തിൽ യാതെരു മാറ്റവുമില്ല. എനിക്ക് അബദ്ധം പറ്റിയെന്ന് സമ്മതിച്ചുകൊണ്ട് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.