ന്യൂഡൽഹി: ഭരണഘടന അസംബ്ലി നിലവിൽ ഇല്ലാത്ത പക്ഷം കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കാനുള്ള അധികാരം ആർക്കാണെന്ന് സുപ്രീംകോടതി.
കാശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയ 23 ഹർജികൾ പരിഗണിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചോദ്യം ഉന്നയിച്ചത്.
1957ൽ ജമ്മു കാശ്മീർ ഭരണഘടന സഭ പിരിഞ്ഞശേഷം പുതിയത് രൂപീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ആരാണ് 370 റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചതെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്.
ഭരണഘടന സഭ നിലവിലില്ലാത്ത പക്ഷം രാഷ്ട്രപതിക്ക് 370-ാം വകുപ്പ് ഉപയോഗിക്കാനാവില്ലെന്നും കാശ്മീരിൻറെ പദവി എടുത്തു കളഞ്ഞ കേന്ദ്ര നടപടി നിയമപരമല്ലെന്നുമാണ് നാഷനൽ കോൺഫറൻസിനു വേണ്ടി കപിൽ സിബൽവാദിക്കുന്നത്. കേസിൽ വാദം തുടരുകയാണ്.