തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും രക്ഷപെടുത്തി. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. 16 പേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്.
പരിക്കേറ്റ രണ്ടുപേരെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഹാർ, റൂബിൻ എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മുതലപ്പൊഴിയിൽ തുടർച്ചയായി അപകടം ഉണ്ടാവുന്നതിൽ മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്.
വർക്കല സ്വദേശി നൗഷാദിൻറെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. കരയിൽ നിന്ന് ഏറെ ദൂരെയല്ല അപകടം നടന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആദ്യം രണ്ടുപേരെയാണ് രക്ഷപ്പെടുത്തിയത്. പിന്നാലെ മറ്റുള്ളവർ നീന്തി രക്ഷപ്പെടുകയായിരുന്നു.
മത്സ്യത്തൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്ത് സ്ഥലത്ത് ഡ്രഡ്ജിങ് പണി അദാനി ഗ്രൂപ്പ് ആരംഭിച്ചു. മണൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ധാരണയിലെത്തിയതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചത്.