തൊടുപുഴ:കേരളത്തിലെ ബ്രാഹ്മണ സമുദായത്തിൽപെട്ട എല്ലാ അംഗങ്ങളെയും ഉൾപെടുത്തി രൂപീകൃതമായ പുതിയ സംഘടനയായ ‘ബ്രാഹ്മണ സേവാ സംഘത്തിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനവും ഓണാഘോഷവും നടന്നു. തൊടുപുഴ കൃഷ്ണതീർത്ഥം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം സിനിമാതാരവും കർഷക അവാർഡ് ജേതാവുമായ കൃഷ്ണ പ്രസാദ് നിർവഹിച്ചു. ബ്രാഹ്മണർ ആയിട്ടുള്ള എല്ലാവരെയും ഒറ്റക്കുടക്കീഴിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംഘടന ശക്തി പ്രാപിക്കട്ടെ എന്ന് അദ്ധേഹം പറഞ്ഞു. കേരളത്തിൽ വരാൻ പോകുന്ന പുതിയൊരു മാറ്റത്തിന് തൊടുപുഴയിൽ തുടക്കം കുറിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബി.എസ്.എസ്.ചെയർമാൻ വിജയൻ നമ്പൂതിരി പറഞ്ഞു. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, കെ.പി.എം.എസ്, ഹിന്ദു ഇക്കണോമിക് ഫോറം, ബ്രാഹ്മണക്ഷേമ സഭ, ബ്രാഹ്മണ സമൂഹമഠം തുടങ്ങി വിവിധ സമുദായിക സംഘടനാ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ചു. ബി.എസ്.എസ് കുടുംബാംഗങ്ങളുടെ ഓണാഘോഷവും നടന്നു.
ഉച്ചതിരിഞ്ഞ് നടന്ന സമാപന സമ്മേളനം സിനിമാതാരം ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്തമാക്കിയ കുട്ടിക്ക് ബി.എസ്.എസ് ഏർപ്പെടുത്തിയ പുതുക്കുളം വിഷ്ണു നമ്പൂതിരി എൻഡോവ്മെൻ്റ് അവാർഡും കുട്ടികൾക്കുള്ള സമ്മാന ദാനവും ബാബു നമ്പൂതിരി നിർവഹിച്ചു.ബി.എസ്.എസ്.സെക്രട്ടറി അഖിൽ വി.പോറ്റി, ബി.എസ്.എസ് പ്രതിനിധികളായ ശ്രീദേവി കെ, നീലകണ്ഠൻ ഉണ്ണി, ശ്യാമള വിജയൻ നിഖിൽ നാരായണാൻ, ബി.എസ്.എസ്. രക്ഷധികാരികളായ അഭിജിത്ത് പരമേശ്വർ, മണി എൻ എന്നിവർ സംസാരിച്ചു.