തൊടുപുഴ: ഓണക്കാലമെന്നാൽ അത് ഉപ്പേരിയുടേതും കൂടിയാണ്. അതുകൊണ്ട് തന്നെ ഓണക്കാല വിപണിയിൽ എന്നും മുൻനിരയിലാണ് ഉപ്പേരിയുടെ സ്ഥാനം. മലയാളിക്ക് ഓണസദ്യ വിളമ്പുന്ന തൂശനിലയിൽ ഉപ്പേരി നിർബന്ധമാണ്. അതിനാൽ തന്നെ വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ഉപ്പേരിയ്ക്ക് ഓണക്കാലത്ത് വൻ ഡിമാന്റാണ്. ഓണത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിപ്സ് കടകളിൽ വലിയ തോതിലാണ് ഉപ്പേരി നിർമാണം. മിക്ക വീടുകളിളും ഉപ്പേരി വറുത്ത് ചില്ല് ഭരണികളിൽ സൂക്ഷിക്കുന്നത് ഓണക്കാലത്തിന്റെ ആദ്യ തയാറെടുപ്പുകളിലൊന്നാണ്. ഉപ്പേരിയും ശർക്കര വരട്ടിയും നിർമിക്കുന്നത്് തന്നെ ഓണത്തിന്റെ വിളംബരമെന്ന നിലയിലാണ്.
ഇപ്പോൾ ജനങ്ങൾക്ക് തിരക്കേറിയതോടെ വീടുകളിലെ ഉപ്പേരി നിർമാണം വളരെ കുറഞ്ഞു. ബേക്കറികളിൽ നിന്ന് വാങ്ങുന്ന റെഡിമെയ്ഡ് ഉപ്പേരിയാണ് ഇപ്പോൾ ഓണക്കാലത്തെ താരം. വർഷം മുഴുവനും ഉപ്പേരിയ്ക്ക് ആരാധകരുണ്ടെങ്കിലും ഓണക്കാലത്താണ് കച്ചവടം പൊടിപൊടിയ്ക്കുന്നത്. തിരുവോണത്തിന് മുൻപുള്ള നാലു ദിവസം കിലോകണക്കിന് ഉപ്പേരിയാണ് കടകളിൽ നിന്നും വിറ്റഴിയുന്നത്. ഉപ്പേരിയ്ക്ക് ആവശ്യക്കാരേറിയതോടെ നേന്ത്രക്കായയുടെ വിലയും ഉയർന്നു തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള കായ കിലോയ്ക്ക് 46 -48 രൂപയ്ക്കു ലഭിക്കുമ്പോൾ നാടൻ നേന്ത്രക്കായ വില കിലോയ്ക്ക് 50-60 എന്ന നിലയിലാണ്. വരും ദിവസങ്ങളിൽ നേന്ത്രക്കായ വിലയിൽ വർധനയുണ്ടാകാനാണു സാധ്യത. നേന്ത്രക്കായ വില ഉയരുന്നതോടെ ഉപ്പേരിയുടെ വിലയിലും വർധനവു വരാനുള്ള സാധ്യതയേറും.
വെളിച്ചെണ്ണയിൽ തയാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിയ്ക്ക് കിലോയ്ക്ക് നിലവിൽ 380-400 രൂപ നിരക്കിലാണ് പല കടകളിലും വിൽപന. 200 ഗ്രാം പായ്ക്കറ്റിനു 80 രൂപയുമാണ്. വെളിച്ചെണ്ണയ്ക്കു പകരം മറ്റ് എണ്ണകൾ ഉപയോഗിക്കുമ്പോൾ വില കുറയും. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലെയും ഗൾഫ് മലയാളികളും ഉപ്പേരിയുടെ പ്രധാന ഉപഭോക്താക്കളാണ്. ഇതോടൊപ്പം ശർക്കരവരട്ടിക്കും ആവശ്യക്കാരേറെയാണ്. കിലോയ്ക്ക് 350-380 രൂപയാണ് വില. 2018 മുതൽ മന്ദീഭവിച്ചിരുന്ന വ്യാപാരം ഈ ഓണം സീസണിൽ ഏറെ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.