Timely news thodupuzha

logo

ക്യാൻസർ അതിജീവന കുറിപ്പുകളടങ്ങിയ ‘സ്നേഹച്ചിറകുള്ള പക്ഷികൾ’ ശ്രദ്ധേയമാകുന്നു

തൊടുപുഴ: ഒരു വ്യക്തിക്ക് ക്യാൻസർ പിടിപെടുന്നതും തുടർന്നുള്ള ചികിത്സ തേടലും രോഗത്തോടൊപ്പമുള്ള ജീവിതവും ഒടുവിൽ മഹാവിപത്തിൽ നിന്നുള്ള മോചനവും ഉൾപ്പെടുത്തിയ ‘സ്നേഹച്ചിറകുള്ള പക്ഷികൾ’ എന്ന ക്യാൻസർ അതിജീവനത്തിന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകം ശ്രദ്ധേയമാകുന്നു. മുതലക്കോടം സ്വദേശി ജോണി പാറത്തലയ്ക്കലാണ് തന്റെ ജീവിതാനുഭവത്തിലൂടെ ക്യാൻസറിനെ കീഴ്പ്പെടുത്തിയ കഥ വിവരിക്കുന്നത്. പുസ്തകം ഉടൻ വായനക്കാരിലെത്തും.

തികച്ചും അപ്രതീക്ഷിതമായി 2021ലെ കോവിഡ് ലോക്ക് ഡൗണിനിടയ്ക്കാണ് ജോണിയുടെ ജിവിതത്തിലേക്ക് ക്യാൻസറെന്ന വിപത്ത് വില്ലൻ രൂപത്തിൽ കടന്ന് വന്നത്. ശാരീരിക അവശതയെ തുടർന്ന് വീടിനടുത്തുള്ള മുതലക്കോടത്തെ ലാബിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും നടത്തിയ പരിശോധനയിൽ ആദ്യ സൂചനകൾ ലഭിച്ചു. ആകെ പതറിപ്പോയ നിമിഷങ്ങളായിരുന്നു അപ്പോഴത്തേത്. ജോണിയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ഇതോടെ ജീവിതം അവസാനിച്ചു. എന്നാൽ തന്റെ പ്രിയതമ ജെസിയുടെ ധൈര്യമാർന്ന പിന്തുണയോടെ വില്ലനെ തുരത്തി തോൽപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി കളമശ്ശേരിയിലെ രാജഗിരി ആശുപത്രിയിലേക്ക് തിരിച്ചു. തുടർന്ന് നടന്നത് ഒരു ജീവൻമരണ പോരാട്ടത്തിന്റെ കഥയാണ്.

രക്തത്തിൽ 42 ശതമാനത്തോളം രോഗാണുക്കൾ ബാധിച്ചിരുന്നു. അമ്പത് ശതമാനം മാത്രം പ്രതീക്ഷ പറഞ്ഞ ഡോക്ടർമാർ അഞ്ച് കീമോ നിർദ്ദേശിച്ചു. ആരോഗ്യമുള്ള ശരീരമായതിനാൽ ഓരോന്നും വിജയകരമായി തരണം ചെയ്തു. ഒരു മാസത്തിലേറെയെടുത്ത ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടക്കം. ആറ് മാസം കഴിഞ്ഞപ്പോൾ വീണ്ടും ബോൺമാരോ ടെസ്റ്റ്. ഇതിനായി ഇടുപ്പെല്ലിൽ നിന്നും മജ്ജയെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ റിസൾട്ടറിയാൽ വീണ്ടും ആശുപത്രിയിലെത്തി. സ്വപ്ന സാഫല്യം പോലെ ഫലം നെഗറ്റീവ്. തന്നെ കീഴ്പ്പെടുത്താനെത്തിയ വില്ലനെ പരാജയപ്പെടുത്തിയെന്ന് അറിഞ്ഞ നിമിഷം. ആപത്തിൽ കൂടെ നിന്ന എല്ലാവരെയും തങ്ങളുടെ പ്രാർത്ഥന കേട്ട ദൈവങ്ങളേയും നന്ദിയോടെ ഓർത്തെടുത്തു.

രോഗ കാലഘട്ടത്തിൽ താൻ അനുഭവിച്ച അവസ്ഥയെക്കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചുമാണ് വീട്ടിലെ വിശ്രമ നാളുകളിൽ ഓർത്തത്. ഇതിൽ നിന്നുമാണ് താൻ പഠിച്ചതും മറ്റുള്ളവർക്ക് ഗുണകരമാകുന്നതുമായ കാര്യങ്ങൾ രേഖപ്പെടുത്തണമെന്ന ചിന്തയുണ്ടായത്. ഇരുണ്ട ഭൂതകാലം ഓർത്തെടുക്കുന്ന പുസ്തകമെന്ന ആശയത്തെ ആദ്യം ഭാര്യ എതിർത്തെങ്കിലും പിന്നീട് പൂർണ്ണ പിന്തുണയും സഹായവും നൽകി ഒപ്പം നിന്നു. ഒരു വ്യക്തി ക്യാൻസർ ബാധിതനായാൽ അപ്പോൾ മുതൽ തേടേണ്ട ചികിത്സാ രീതികൾ, അതിനെ അതിജീവിക്കേണ്ടതെങ്ങനെ, തുടർന്നുള്ള ജീവിതം, വ്യക്തി ജീവിതത്തിൽ പാലിക്കേണ്ട ചിട്ടകൾ, ഭക്ഷണക്രമം, വിശ്രമം തുടങ്ങി എല്ലാ കാര്യങ്ങളും ഈ പുസ്തകത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

വലിയൊരു അതിജീവന പോരാട്ടമാണ് ജോണി നടത്തിയത്. ഒപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയുണ്ടായിരുന്നു. ഒരു സാഹിത്യകാരനല്ലാതിരുന്നിട്ടും അവയെല്ലാം എഴുതാനും മറ്റുള്ളവരുമായി പങ്കുവെക്കാനും സമയം കണ്ടെത്തി. ഇപ്പോൾ കൃഷിയും പ്രൈവറ്റായി ചെയ്യുന്ന സർവ്വേ ജോലികളുമൊക്കെയായി ജോണി പഴയ ജീവിതത്തിലേക്ക് കടന്ന് കഴിഞ്ഞു. എല്ലാത്തിനും പിന്തുണയുമായി ഭാര്യ ജെസിയും മക്കളായ ടോമിനും ആൽവിനും ഒപ്പമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *