Timely news thodupuzha

logo

ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വർണം

ബുഡാപെസ്റ്റ്: ടോക്യോ ഒളിംപിക്സിൻറെ തനിയാവർത്തനം എന്നു വേണമെങ്കിൽ വിളിക്കാം. ജാവലിൻ ത്രോയുടെ രണ്ടാമത്തെ ശ്രമത്തിൽ ഫൈനലിലെ ഏറ്റവും മികച്ച സമയം, നീരജ് ചോപ്രയ്ക്കു സ്വർണം, ഇന്ത്യയ്ക്ക് പുതുചരിത്രം!

ഒളിംപിക്സിൽ അത്ലറ്റിക്സ് സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം ആരെന്ന ചോദ്യത്തിൻറെ ഉത്തരം തന്നെ എഴുതാം, ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം ആരെന്ന ചോദ്യത്തിനും- ഒരേയൊരു നീരജ് ചോപ്ര, ഇന്ത്യൻ അത്ലറ്റിക്സിലെ ഇതിഹാസം!

ഒരു കായികതാരത്തിൻറെ പ്രഭാവം ഒരു തലമുറയെ ആകെ പ്രചോദിപ്പിക്കുന്നതിൻറെ ഉദാഹരണത്തിനും ബുഡാപെസ്റ്റിലെ ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് വേദി സാക്ഷിയായി.

നീരജിനെക്കൂടാതെ രണ്ട് ഇന്ത്യക്കാർ കൂടി ജാവലിൻ ത്രോ ഫൈനലിൽ മത്സരിക്കാൻ യോഗ്യത നേടുന്നു, പോഡിയം ഫിനിഷ് സാധ്യമായില്ലെങ്കിലും ലോക നിലവാരത്തിലുള്ള പ്രകടനം അവരും പുറത്തെടുക്കുന്നു! കിഷോർ ജെന 84.77 മീറ്റർ എന്ന തൻറെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടവുമായി അഞ്ചാം സ്ഥാനത്തും, ഡി.പി. മനു 84.14 മീറ്ററുമായി ആറാം സ്ഥാനത്തുമെത്തുന്നു.

ഏഷ്യൻ കരുത്തിൻറെ മാറ്റുരച്ച ഫൈനലിൽ, പാക്കിസ്ഥാൻ താരം അർഷദ് നദീമിനാണ് വെള്ളി, ദൂരം 87.82 മീറ്റർ. നീരജ് ചോപ്രയുടെ വിസ്മയഭരിതമായ കരിയറിൽ നേടാൻ കയറാൻ ബാക്കിയുണ്ടായിരുന്ന വലിയ കൊടുമുടിയാണ് ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പ്.

ഇപ്പോൾ അതിൻറെ പോഡിയത്തിലും ഇന്ത്യയുടെ ത്രിവർണ പതാക സുവർണ ശോഭയിൽ പാറിക്കളിക്കുകയാണ് അവൻറെ കരുത്തുറ്റ കരങ്ങളിൽ. കഴിഞ്ഞ തവണത്തെ ലോക ചാംപ്യൻഷിപ്പിൽ വെള്ളിയാണ് നീരജിനു ലഭിച്ചിരുന്നത്. ഒളിംപിക്സ് (2021), ഏഷ്യൻ ഗെയിംസ് (2018), കോമൺവെൽത്ത് ഗെയിംസ് (2018), അണ്ടർ-20 ലോക ചാംപ്യൻഷിപ്പ് (2016), ഡയമണ്ട് ലീഗ് (2022) എന്നിവിടങ്ങളിൽ നേരത്തെ തന്നെ സ്വർണം കൊയ്തിരുന്നു നീരജിൻറെ ജാവലിൻ.

Leave a Comment

Your email address will not be published. Required fields are marked *