Timely news thodupuzha

logo

ആശ്രയ-അതി ദരിദ്ര കുടുംബങ്ങൾക്കൊപ്പം ഓണം ആഘോഷിച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്

ഉടുമ്പന്നൂർ: ഹരിതകർമ്മസേനക്കും ആശ്രയ- അതി ദരിദ്ര കുടുംബങ്ങൾക്കുമൊപ്പം ഓണാഘോഷമൊരുക്കി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്.


ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിലെ 30 ഹരിതകർമ്മ സേനാ അംഗങ്ങൾക്കും ആശ്രയ-അതി ദരിദ്ര കുടുംബങ്ങളായ 225 പേർക്കും ഓണക്കോടിയും ഓണ സദ്യയുമൊരുക്കി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓണോത്സവ് 2023 വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ദേയമായി.

കഴിഞ്ഞ വർഷം മുതലാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇത്തരത്തിൽ ഓണാഘോഷ പരിപാടികളെ വ്യത്യസ്ഥമാക്കിയത്. ഉടുമ്പന്നൂർ പി.കെ.ഹാളിൽ നടന്ന പരിപാടിയിൽ എത്തിച്ചേരാൻ കഴിയാതിരുന്ന കിടപ്പു രോഗികൾ ഉൾപ്പടെയുള്ളവർക്ക് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഓണക്കോടികൾ വീട്ടിലെത്തിച്ച് നൽകും.

പരിപാടിയുടെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് ഉത്ഘാടനം ചെയ്തു. സംസ്ഥാന കർഷക ജ്യോതി അവാർഡ് ജേതാവ് ബൈജു എം.കെ മുതു പാലയ്ക്കലിന് ചടങ്ങിൽ വച്ച് സ്വീകരണം നൽകി. വിവിധ വിഷയങ്ങളിലെ ഡിഗ്രി പരീക്ഷകളിൽ റാങ്ക് നേടിയ ഉവൈസ് ഫനീഫ, ജീന ജിമ്മി എന്നിവരെ ആദരിച്ചു.

കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ അത്തപ്പൂക്കള മത്സരവും കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദർശന-വിപണന മേളയും നടന്നു. ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വയോജന കൂട്ടായ്മ ഉല്ലാസക്കൂടിന്റെ പ്രസിഡന്റ് വി.വി.ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജോൺസൺ കുര്യൻ, പി.ജെ.ഉലഹന്നൻ, വി.കെ.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ സ്വാഗതവും ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഷ സലിം നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *