പുതുപ്പള്ളി: ഇടുക്കിയിൽ എൻജിനിയറിങ്ങ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ ഇടനെഞ്ചിലേക്ക് കത്തിതാഴ്ത്തി ഒറ്റക്കുത്തിന് കൊന്ന കൊടും ക്രിമിനൽ നിഖിൽ പൈലി യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആശിർവാദത്തോടെയാണ് പുതുപ്പള്ളിയിലെ താരപ്രചാരകനായതെന്ന് ഡി.വൈ.എഫ്.ഐ. കൊലക്കേസ് പ്രതിയായ നിഖിൽ പൈലിയെ കോൺഗ്രസ് ആദ്യം ആദരിച്ചത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃസ്ഥാനം നൽകിയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ധീരജ് കൊലക്കേസിലെ പ്രതികളുടെ ഒളിത്താവളം പുതുപ്പള്ളിയിലായിരുന്നുവെന്ന വെളിപ്പെടുത്തൽ ശരിവയ്‌ക്കുക്കുന്നതാണ് ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പര്യടനം. കെ.സുധാകരൻ നയിക്കുന്ന കോൺഗ്രസിന്റെ ഭാവി പി.സി.സി അധ്യക്ഷനാകാൻ യോഗ്യനാണ് നിഖിൽ പൈലി. ഫെയ്‌സ്ബുക്കിൽ ചെഗുവേരയെ പ്രൊഫൈൽ ചിത്രമാക്കിയ ഏതെങ്കിലുമൊരാൾ ഒരു കുറ്റകൃത്യത്തിലേർപ്പെട്ടാൽ ഡി.വൈ.എഫ്.ഐയുടെ നെഞ്ചത്തുകയറുന്ന അഭിനവ നിഷ്‌പക്ഷ മാധ്യമ സിംഹങ്ങളുടെ മുന്നിലൂടെയാണ് നിഖിൽ പൈലി നെഞ്ചുവിരിച്ച് മുൻനിര നേതാക്കളുടെ കൂടെ യു.ഡി.എഫിനായി വോട്ടുചോദിച്ചു നടക്കുന്നത്.
ഇടതുപക്ഷത്തിനു നേരെ കുരച്ചുചാടുമ്പോൾ നേരോടെ, നിർഭയം എന്നൊക്കെയുള്ള നിഷ്‌പക്ഷ നാട്യമെങ്കിലും ഉപേക്ഷിക്കാനുള്ള വകതിരിവ് മാധ്യമങ്ങൾ കാണിക്കണം. ഇടതുപക്ഷത്തിന് രാഷ്ട്രീയ നൈതികതയുടെ സ്റ്റഡി ക്ലാസെടുക്കാൻ ജീവിതം ഉഴിഞ്ഞുവച്ച ഒരൊറ്റ മനുഷ്യനും ഞെട്ടൽ തോന്നുന്നില്ല, ആർക്കുമിപ്പോൾ പ്രാസമൊപ്പിച്ച് കഥാപ്രസംഗം നടത്തേണ്ട, ആർക്കും അക്രമരാഷ്ട്രീയ വിരുദ്ധ വായ്ത്താളം താളത്തിൽ പറയേണ്ട, ആർക്കും ഒപ്പ് ശേഖരണവും നടത്തേണ്ട – സനോജ് കുറിച്ചു.