കൽപ്പറ്റ: വയനാട് കോൺഗ്രസിൽ പോര് തുടരുന്നതിനിടെ ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെ തെറിവിളിച്ച് മുൻ ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായ ഐ.സി.ബാലകൃഷ്‌ണൻ. ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനെ ചൊല്ലിയാണ് ഫോണിൽ അസഭ്യം പറഞ്ഞത്.
എം.എൽ.എയുടെ തെറിവിളി റെക്കോഡ് ചെയ്‌ത് എൻ.ഡി.അപ്പച്ചൻ പുറത്തുവിട്ടു. ഇതോടെ കലഹം രൂക്ഷമായി. തെറിവിളി സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മുതിർന്ന നേതാവായ അപ്പച്ചനെ അറയ്‌ക്കുന്ന ഭാഷയിൽ തെറിവിളിച്ചതിൽ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി രംഗത്തെത്തി. വാട്‌സ്‌ആപ് ഗ്രൂപ്പുകളിൽ എം.എൽ.എക്കെതിരെ രൂക്ഷവിമർശമാണ്. അപ്പച്ചൻ പരാതി നൽകിയിട്ടും സംസ്ഥാനനേതൃത്വം നടപടി എടുത്തിട്ടില്ല.
ബത്തേരി–താളൂർ റോഡ് പ്രവൃത്തിയുടെ കരാറുകാരനിൽനിന്ന് എംഎൽഎ പണം വാങ്ങിയെന്ന ആരോപണം കത്തിനിൽക്കുന്നതിനിടയിലാണ് തെറിവിളി.ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിലെ തർക്കമാണ് ഇപ്പോഴത്തെ തെറിയഭിഷേകത്തിന് കാരണം. പാർടിയിൽനിന്ന് രാജിവയ്‌ക്കുമെന്ന ഭീഷണിയും മുഴക്കി.
അപമാനം സഹിക്കാതെയാണ് അപ്പച്ചൻ ഫോൺ സംഭാഷണം പുറത്തുവിട്ടതും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതും.എംഎൽഎ സ്ഥാനത്തിരിക്കാനുള്ള അർഹത ബാലകൃഷ്‌ണന് നഷ്ടപ്പെട്ടെന്നും ധാർമികതയുണ്ടെങ്കിൽ രാജിവയ്‌ക്കണെമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു.