ചെന്നൈ: സംഘാടനത്തിലെ പിഴവു മൂലം എ.ആർ.റഹ്മാൻ ചെന്നൈയിൽ നടത്തിയ സംഗീത പരിപാടി വിവാദത്തിൽ. മറക്കുമാ നെഞ്ചമെന്ന പേരിൽ നടത്തിയ സംഗീത പരിപാടിക്കെതിരേയാണ് ആരാധകർ ആരോപണം ഉന്നയിച്ചത്.
പണം മുടക്കി ടിക്കറ്റ് എടുത്തവരിൽ പലർക്കും പരിപാടി നടക്കുന്ന വേദിയിൽ പ്രവേശിക്കാൻ സാധിച്ചില്ലെന്നും, ഉൾക്കൊള്ളാൻ കഴിയുന്നതിൽ അധികം പേർ വേദിയിലേക്ക് ഇടിച്ചു കയറിയെന്നും ശബ്ദസജ്ജീകരണം മോശമായതിനാൽ സംഗീത പരിപാടി വേണ്ടത്ര ആസ്വദിക്കാനായില്ല എന്നുമാണ് പരാതി ഉയർന്നത്.
സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ പരാതി ഉന്നയിച്ചതോടെ എ.ആർ. റഹ്മാൻ എക്സിലൂടെ പ്രതികരിച്ചിട്ടുണ്ട്. പരിപാടി വൻ വിജയമായിരുന്നുവെന്നും ടിക്കറ്റ് എടുത്തിട്ടും വേദിയിൽ പ്രവേശിക്കാൻ കഴിയാത്തവരോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രശ്നങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുത്ത് വേണ്ട പരിഹാര നടപടികൾ സ്വീകരിക്കുമെന്നും പരിപാടി സംഘടിപ്പിച്ച എസിടിസി ഇവന്‍റ്സ് വ്യക്തമാക്കിയിട്ടുണ്ട്.
നിരവധി പരാതികൾ ഉയർന്നതോടെ റഹ്മാനും വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. ടിക്കറ്റ് എടുത്തിട്ടും പരിപാടിയിൽ പങ്കെടുക്കാനാകാത്തവർ ടിക്കറ്റുകൾ ഇമെയിലായി അയക്കണമെന്നും ബന്ധപ്പെട്ടവർ വേണ്ട പരിഹാര നടപടികൾ എത്രയും വേഗത്തിൽ നടപ്പിലാക്കുമെന്നുമാണ് എക്സിലൂടെ റഹ്മാൻ വ്യക്തമാക്കിയിരിക്കുന്നത്.
ഞായറാഴ്ച ആദിത്യ റാം സിറ്റിയിലെ പൊതു മൈതാനത്താണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടി നടക്കുന്ന സമയത്തു തന്നെ നിരവധി പേർ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.