തിരുവനന്തപുരം: സോളാർ കേസിൽ പരാതിക്കാരി എഴുതിയ കത്ത് പുറത്തു വന്നതുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോൺഗ്രസിൻറെ അകത്തുള്ള പ്രശ്നങ്ങൾ പുറത്തു വരുമെന്നതിനാലാണ് അവർതന്നെ അന്വേഷണം വേണ്ടെന്ന് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോളാർ കേസിൽ യു.ഡി.എഫിൻറേത് അവസരവാദ നിലപാടാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇതിൽ സി.പി.എം കക്ഷിയല്ല. ഉമ്മൻ ചാണ്ടിയുടെ കര്യങ്ങൾ മുഴുവൻ യഥാർഥത്തിൽ അതിൻറെ ആദ്യത്തെ കമ്മിഷനെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുള്ളത് കോൺഗ്രസും കോൺഗ്രസിൻറെ ഭാഗമായ സർക്കാരുമാണ്.
അതിൽ സിപിഎമ്മിനെ കക്ഷിയാക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻറെ അനുമതിയോടെയാണ് കത്തു പുറത്തു വിട്ടതെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
ഞങ്ങൾക്ക് കത്ത് പുറത്തു വിടേണ്ട ആവശ്യമെന്താണെന്നും ചോദിച്ച അദ്ദേഹം കത്ത് പുറത്തു വരണമെന്ന് ആഗ്രഹിച്ചത് ആരാണെന്ന് വ്യക്തമാക്കപ്പെട്ടല്ലോയെന്നും പറഞ്ഞു.
കത്ത് പുറത്തുവന്നാലും ഇല്ലെങ്കിലും ഞങ്ങൾക്ക് ഗുണമാണ്. സോളാർ കേസിലെ സിപിഎമ്മിൻറെ നിലപാട് ശക്തമായി ഉന്നയിച്ചിട്ടുണ്ട്. അതിനാലാണ് ജൂഡിഷ്യൽ അന്വേഷണം നടന്നത്.
ദല്ലാൾ നന്ദകുമാറിൻറെയോക്കെ വിശ്വാസ്യത ജനങ്ങൾക്ക് ബോധ്യപ്പെട്ടല്ലോ, അതൊന്നും ഞങ്ങളാരും പറഞ്ഞ് ഉണ്ടാക്കിയത് അല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.