Timely news thodupuzha

logo

കോട്ടയത്ത് 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ചിത്രങ്ങൾ വരച്ച് അമ്പതോളം കലാകാരന്മാർ

കോട്ടയം: സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് അമ്പതോളം കലാകാരന്മാർ ചിത്ര രചനയിൽ പങ്കാളികളായി. കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ചിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചായിരുന്നു 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ഒരേസമയം ചിത്രങ്ങൾ വരച്ചുള്ള വേറിട്ട വര.

ദർശന അങ്കണത്തിൽ ഒരുക്കിയ 111 അടി നീളമുള്ള ക്യാൻവാസിൽ സ്വാതന്ത്ര്യ പൂർവ ഭാരതത്തിൻ്റെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൻ്റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിൻ്റെയും കാഴ്ചകൾ കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങിയത്. അക്രിലിക്കാണ് ചിത്ര രചനയിൽ ഉപയോഗിച്ചിരിക്കുന്ന മാധ്യമം. മെഗാ കാൻവാസിൽ തയ്യാറാക്കിയ ഈ ചിത്രം ദർശന സാംസ്കാരിക കേന്ദ്രത്തിൻ്റെ നടുത്തളത്തിൽ സ്ഥാപിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.

ജസ്റ്റിസ് കെ.ടി തോമസ് ചിത്ര രചന ഉദ്ഘാടനം ചെയ്തു. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ചലച്ചിത്ര താരം ദുർഗ നടരാജ് തുടങ്ങിയവർ പങ്കെടുത്തു. ദർശന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വരും ദിവസങ്ങളിൽ ഫ്രീഡം 75 പ്രഭാഷണ പരമ്പര, സൈക്കിൾ റാലി, 1947 ഓഗസ്റ്റ് 15ന് ജനിച്ചവരുടെ സംഗമം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *