പത്തനംതിട്ട : പോലീസ് ചമഞ്ഞു സ്കൂട്ടർ യാത്രികനെ തടഞ്ഞു നിർത്തി 5000 രൂപയും സ്വർണ കമ്മലും കവർന്ന കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് തന്ത്രപൂർവം കുടുക്കി. ചെങ്ങന്നൂർ ഇടനാട് ദേവീ ക്ഷേത്രത്തിനു സമീപം മാലേത്ത് പുത്തൻവീട്ടിൽ അനീഷ് കുമാർ പി ബി (36)ആണ് പിടിയിലായത്.
കഴിഞ്ഞ ഞായർ രാവിലെ 10.30 ന് വളഞ്ഞവട്ടം ബീവറേജ് ഔട്ട് ലെറ്റിന് സമീപം അച്ഛൻപടി റോഡിലാണ് സംഭവം. വളഞ്ഞവട്ടം കോട്ടക്കാമാലി വട്ടയ്ക്കാട്ട് വീട്ടിൽ വിജയ(60) നാണ് കവർച്ചയ്ക്കിരയായത്. ഇദ്ദേഹത്തിന്റെ സ്കൂട്ടറിന്റെ പിന്നിലായി ഇരുചക്ര വാഹനത്തിൽ വന്ന് തടയുകയും പോലീസ് ആണെന്ന് പറഞ്ഞു സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോകുന്നവഴി കവർച്ച നടത്തുകയുമായിരുന്നു.
സംഭവം നടന്നു രണ്ടാം ദിവസം തന്നെ പ്രതി പോലീസിന്റെ വലയിലായി. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് ഇന്ന് ഇരമല്ലിക്കരയിൽ നിന്നും പ്രതിയെ കുടുക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും പിടിച്ചെടുത്തു. തിരുവല്ല എസ് സി എസ് ജംഗ്ഷനിലുള്ള സ്ഥാപനത്തിൽ സ്വർണകമ്മൽ വിറ്റ് 2100 രൂപ വാങ്ങിയതായും, കവർന്നെടുത്ത 5000 രൂപ പേഴ്സിൽ ഉണ്ടെന്നും, സമാന രീതിയിൽ മുമ്പും കവർച്ച നടത്തിയിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോലീസ് ഇൻസ്‌പെക്ടർ ഇ ഡി ബിജുവിനൊപ്പം എസ് ഐ കവിരാജൻ, എ എസ് ഐ പ്രകാശ്, പ്രസാദ്, എസ് സി പി ഓമാരായ പ്യാരിലാൽ, അഖിലേഷ്, പ്രദീപ്, സി പി ഓ രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.