വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാർ ഡാമിലെ പതിമൂന്ന് ഷട്ടറുകളും തുറന്നതോടെ പെരിയാർ നദിയിലെ ജലനിരപ്പ് ഉയരുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു. വള്ളക്കടവ് മുതൽ അയ്യപ്പൻകോവിൽ വരെയുള്ള പ്രദേശങ്ങളിൽ നിരവധി വീടുകളിലാണ് വെള്ളം കയറി. ഇതോടെ റവന്യുന്നി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിലും മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നിരിക്കുകയാണ്. നിലവിൽ 9237.00 ക്യുസെക്സ് ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. വള്ളക്കടവ് കറുപ്പുപാലം ഭാഗത്തെ പത്തോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വികാസ് നഗർ ഒറ്റപ്പെട്ട അവസ്ഥയിലേക്ക് മാറുകയാണ്. വഴി അടക്കം വെള്ളം കയറിയ അവസ്ഥയിലാണ്. മഞ്ചുമല ആറ്റോരം, ഇഞ്ചിക്കാട് ആറ്റോരം, കടശ്ശിക്കടവ് ആറ്റോരം തുടങ്ങിയ പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറുകയും ആളുകളെ മാറ്റിപാർപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. വണ്ടിപ്പെരിയാർ വഞ്ചിവയൽ കോളനിയും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പാലം വെള്ളത്തിൽ മുങ്ങി. ചന്ദ്രവനം കീരിക്കര പാലവും ജലനിരപ്പ് ഉയർന്നതോടെ വെള്ളത്തിൽ മുങ്ങി. വള്ളക്കടവ് ഗവ: ട്രൈബൽ ഹൈസ്കൂളിലും വണ്ടിപ്പെരിയാർ ഗവ: യുപി സ്കൂളിലും മോഹനം ഓഡിറ്റോറിയത്തിലും ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലേതു പോലെ മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രി കാലങ്ങളിൽ വെള്ളം തുറന്നുവിടാത്തത് ആശ്വാസം പകരുന്നുണ്ട്. എങ്കിലും ഇത്തരത്തിൽ ഗണ്യമായ രീതിയൽ സ്പിൽവേയിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്ന സംവിധാന ത്തിൽ നേരത്തെ തന്നെ ഈ തീരുമാനങ്ങൾ എടുത്തിരുന്നങ്കിൽ ഇത്തരത്തിൽദുരിതം ജനങ്ങൾ അനുഭവിക്കേണ്ടിവരില്ലായിരുന്നുയെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമായി.
മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ നീരൊഴുക്ക് ഇനിയും വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളം കൂടാതെ നിരവധി കൈതോടുകളിൽ നിന്നും വരുന്ന പെയ്ത്ത് വെള്ളവും ചാലുകളിൽ നിന്നും ഒഴുകുകിയെത്തുന്ന വെള്ളവും പെരിയാറിൽ എത്തുന്നതാണ് ജലനിരപ്പ് ഉയരാനും ,വീടുകളിൽ വെള്ളം കയറാനും കാരണം. ഭരണകൂടം എത്ര വലിയസന്നാഹങ്ങളും ഉയർത്തിയാലും ഇതൊന്നും ജനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല എന്നൊരു യാതാർത്യവും നിലനിൽക്കുന്നു. ഇതിൽനിന്ന് എന്നൊരു മോചനം ഉണ്ടാകുമെന്നാണ് തീരദേശവാസികൾ ആഗ്രഹിക്കുന്നത്.