Timely news thodupuzha

logo

കാവേരി നദീജല തർക്കം; ബാംഗ്ലൂരിൽ ഇന്ന് ബന്ദ് പ്രഖ്യാപിച്ച് കന്നഡ സംഘടനകൾ

ബാംഗ്ലൂർ: കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നു. ഇതുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകൾ ഇന്നു ബാംഗ്ലൂരിൽ ബന്ദ് ആചരിക്കുകയാണ്.

ഇതിനു പുറമേ, വെള്ളിയാഴ്ച സംസ്ഥാന വ്യാപക ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് ബാംഗ്ലൂർ നഗരത്തിൽ ബന്ദിന് കർണാടക ജലസംരക്ഷണസമിതിയാണ് ആഹ്വാനം ചെയ്തത്.‌ ‌

ഇതിനു പുറമേയാണ് കന്നഡ ചാലുവലി പ്രസിഡൻറ് വടൽ നടരാജിൻറെ നേതൃത്വത്തിൽ തീവ്ര കന്നഡ സംഘടനകളുടെ കൂട്ടായ്മ കന്നഡ ഒക്കുട്ട വെള്ളിയാഴ്ച സംസ്ഥാനത്താകെ ബന്ദ് പ്രഖ്യാപിച്ചത്. ഇതിനു പ്രതികരണമായി തമിഴ്നാട്ടിൽ കാവേരി തടത്തിലെ കർഷകരും പ്രക്ഷോഭത്തിലാണ്.

കർണാടകയിലെ പ്രക്ഷോഭങ്ങൾ കേന്ദ്ര സർക്കാർ ഇടപെട്ടു തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കർഷക അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ആർ.പാണ്ഡ്യൻറെ നേതൃത്വത്തിൽ ഇന്നലെ ചെന്നൈയിൽ പ്രക്ഷോഭം സംഘടിപ്പിച്ചു.

ഇന്നത്തെ ബംഗളൂരു ബന്ദിന് പൊതു-സ്വകാര്യ ഗതാഗത യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിന് 15 ദിവസത്തേക്ക് 5,000 ക്യൂസെക് (സെക്കൻഡിൽ 1.4 ലക്ഷം ലിറ്റർ) വീതം അധിക ജലം വിട്ടു കൊടുക്കണമെന്ന കാവേരി ജല മാനേജ്മെൻറ് അഥോറിറ്റി ഉത്തരവ് അനുസരിക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചതോടെ ആണ് സംസ്ഥാനത്ത് പ്രതിഷേധം.

അതേസമയം, തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയും കോൺഗ്രസും സഖ്യകക്ഷികളായതിനാൽ ഒത്തുകളിക്കുക ആണെന്ന് ആരോപിച്ച് ബി.ജെ.പിയും ജെ.ഡി.എസും കർണാടക സർക്കാരിനെതിരേ രംഗത്തെത്തി.

Leave a Comment

Your email address will not be published. Required fields are marked *