Timely news thodupuzha

logo

വിഴിഞ്ഞത്ത് ആദ്യ കപ്പലെത്താൻ വൈകും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ എത്തുന്നത് വൈകും. ചൈനയിൽ നിന്നും പുറപ്പെട്ട ഷെൻഹുവ – 15 കപ്പൽ ഒക്‌ടോബർ 15ന് വൈകിട്ട് മൂന്നിന് എത്തുമെന്നാണ് പുതിയ വിവരം.

ഒക്‌ടോബർ നാലിന് എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും കടലിലെ പ്രതികൂല കാലാവസ്ഥ കാരണമാണ്‌ മാറ്റമുണ്ടായതെന്ന്‌ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആദ്യ കപ്പൽ എത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോബാളും സ്വീകരിക്കാനെത്തുമെന്നും 2024 മെയ് മാസം വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ തീരുമാനിച്ച പോലെതന്നെ 31ന്‌ തന്നെ കപ്പൽ ചൈനയിൽ നിന്ന്‌ പുറപ്പെട്ടു. ഷാങ്‌ഹായ്‌, വിയറ്റ്‌നാം, സിംഗപ്പുർ എന്നിവിടങ്ങളിലെ കടലിലുണ്ടായ ചുഴലിക്കാറ്റിൻറെ സാഹചര്യം മൂലം 11 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കുന്ന കപ്പൽ ശരാശരി നാലുവരെ നോട്ടിക്കൽ മൈൽ വേഗതയിലാണ്‌ ഓടിക്കൊണ്ടിരുന്നത്.

മുൻ തീരുമാന പ്രകാരം 20ന്‌ ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ എത്തേണ്ടതായിരുന്നു. എന്നാൽ വേഗത കുറഞ്ഞതോടെ ഞായറാഴ്‌ചയാണ് കപ്പൽ മുന്ദ്രയിലേക്ക്‌ നീങ്ങിയത്‌. തുറമുഖത്ത്‌ സ്ഥാപിക്കാനുള്ള ക്രെയിനുകളാണ്‌ കപ്പലിലുള്ളത്‌. രണ്ടു ക്രെയിനുകൾ മുന്ദ്രയിലേക്ക്‌ ഉള്ളതാണ്‌.

13നോ 14നോ കപ്പൽ വിഴിഞ്ഞത്തെത്തും. കൃത്യതയ്ക്കു വേണ്ടിയാണ് 15ന് തീയതി നിശ്ചയിച്ചതെന്നു മന്ത്രി പറഞ്ഞു. തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ഒക്‌ടോബർ, നവംബർ മാസങ്ങളിൽ രണ്ട് കപ്പലുകൾ കൂടി വിഴിഞ്ഞത്തേക്ക് എത്തുന്നുണ്ട്. ഒക്‌ടോബർ 28, നവംബർ 19 തീയതികളിലാണ് ഇവയെത്തുന്നത്.

ഒരു ഘട്ടത്തിൽ പോലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർമാണ പ്രവർത്തികൾ മുടങ്ങിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ദ്രുതഗതിയിൽ തന്നെയാണ് നിർമാണം ഇപ്പോഴും പുരോഗമിക്കുന്നത്. കല്ലുകൾ വരുന്ന ആര്യനാട് ക്വാറിയിലുള്ള പ്രശ്‌നം സാവകാശമെടുത്ത് പരിഹരിക്കും. ഇതിനായുള്ള ചർച്ചകൾ തുടരുകയാണ്. പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് പുതിയ മന്ത്രി ആയിരിക്കില്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട്, കുറഞ്ഞ കാലം കൊണ്ട് എന്തു പ്രവർത്തിച്ചു എന്നാണ് വിലയിരുത്തേണ്ടതെന്നു മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *