കോട്ടയം: ബാങ്ക് ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിനു മുന്നിൽ വൻ പ്രതിഷേധം. ബാങ്ക് മനേജർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി കർണാടക ബാങ്കിനു മുന്നിൽ എത്തിച്ചാണ് കുടുംബത്തിൻറെ പ്രതിഷേധം.
ഡി.വൈ.എഫ്.ഐ പ്രവർത്തകരും വ്യാപാരി വ്യവസായി സംഘടനയും ആണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. പ്രദേശത്ത് പൊലീസ് എത്തി ബാരിക്കേഡുകൾ സ്ഥാപിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് കോട്ടയം അയ്മനം കുടയംപടയിൽ കെ.സി.ബിനു(50) അത്മഹത്യ ചെയ്തത്. കടയിലെ ആവശ്യത്തിനായി ബിനു അഞ്ച് ലക്ഷം രൂപ വായിപ്പ എടുത്തിരുന്നു.
ഇതിനു മുൻപും ബിനു ഇതേ ബാങ്കിൽ നിന്നും രണ്ട് തവണ വായിപ എടുക്കുകയും അത് കൃത്യമായി തിരിച്ച് അടക്കുകയും ചെയ്തിട്ടുണ്ട്. മാസം 14000 രൂപയാണ് അടവ് വരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് മാസമായി ഈ തുക അടക്കാൻ സാധിച്ചിരുന്നില്ല.
തുടർന്ന് ബാങ്കിലെ ജീവനക്കാരൻ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തുകയും മാനസികമായി തളർത്തുകയും ചെയ്തു. നിർബന്ധിതമായി കടയിൽ നിന്ന് പണം എടുത്തുകൊണ്ടു പോകുന്ന സാഹചര്യവും ഉണ്ടായിട്ടുള്ളതായി കുടുംബം പറയുന്നു.
തുടർന്നാണ് തിങ്കളാഴ്ച ഉച്ചയോടെ ബിനു വീട്ടിലെത്തി തൂങ്ങിമരിച്ചത്. കുടുംബം ബാങ്ക് മനേജർ പ്രദീപിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.