തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ 1,000 കോടി കടമെടുക്കുന്നു. ഇന്നലെ ഈ മാസത്തെ ശമ്പളവും പെൻഷനും നൽകാൻ 1,000 കോടി കടമെടുത്തതിനു പിന്നാലെയാണ് അടുത്ത ആഴ്ച വീണ്ടും കടമെടുക്കുന്നത്.
ഇതിനായുള്ള ലേലം ഒക്റ്റോബർ 3ന് റിസർവ് ബാങ്കിൻറെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ഓണക്കാലത്ത് 6,300 കോടി കടമെടുത്തിരുന്നു. അടുത്ത ആഴ്ച 1,000 കോടി കൂടി എടുക്കുന്നതോടെ ഈ വർഷം കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുള്ള 22,000 കോടിയും എടുത്തു കഴിഞ്ഞു.
ഈ ഡിസംബറിനു ശേഷം കടമെടുപ്പ് പരിധി കേന്ദ്രം പുനരവലോകനം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. അങ്ങനെയെങ്കിൽ സാമ്പത്തിക വർഷത്തെ അവസാന മൂന്നു മാസം കേരളത്തിന് കുറച്ചു കൂടി കടം കിട്ടാൻ സാധ്യതയുണ്ട്.
കടമെടുക്കാൻ താൽക്കാലിക അനുമതി കിട്ടിയാലും വർഷാന്ത്യ ചെലവുകൾക്കായി അവസാന മൂന്നു മാസം വൻ തോതിൽ പണം കണ്ടെത്തേണ്ടി വരും. ഇത് സർക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്.