കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്‌ലാറ്റില്‍ ഒളിപ്പിച്ച കേസിലെ പ്രതി അര്‍ഷാദിനെ തെളിവെടുപ്പിനായി കൊച്ചിയില്‍ എത്തിക്കുന്നത് വൈകും. മഞ്ചേശ്വരം ലഹരി മരുന്ന് കേസില്‍ അര്‍ഷാദിന്റെ കോടതി നടപടി പൂര്‍ത്തിയാകത്തതാണ് കാരണം. പ്രതിയെ കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ കൊച്ചി പോലീസിന് പ്രൊഡക്ഷന്‍ വാറണ്ട് അപേക്ഷ ഇതുവരെ നല്‍കാന്‍ ആയിട്ടില്ല. കേസിലെ പ്രതി അര്‍ഷാദിനെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
അതേസമയം, അറസ്റ്റ് ചെയ്യുന്‌പോള്‍ ഇയാളില്‍ നിന്ന് അതിതീവ്ര ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തില്‍ നിന്ന് ഒരു കിലോ കഞ്ചാവ് എംഡിഎംഎ, ഹാഷിഷ് ഓയില്‍ തുടങ്ങിയവ അടങ്ങിയ ബാഗ് വണ്ടിയില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് കമ്മീഷണര്‍ നാഗരാജു മാദ്ധ്യമങ്ങളെ അറിയിച്ചു.
പിടിയിലായ അര്‍ഷാദ് കൊണ്ടോട്ടി ജ്വല്ലറി മോഷണക്കേസിലെ പ്രതിയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ ഒരുമാസമായി ഒളിവിലായിരുന്നു. കൊണ്ടോട്ടിയിലെ മോഷണത്തിന് ശേഷം ഗോവയിലേക്ക് കടന്ന അര്‍ഷാദ് പിന്നീടാണ് കൊച്ചിയിലെത്തി കാക്കനാട് സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചത്. ജ്വല്ലറി കവര്‍ച്ചക്കേസില്‍ പൊലീസ് തിരയുന്നതിനിടെയാണ് അര്‍ഷാദ് സജീവിനെ കൊലപ്പെടുത്തുന്നത്.
അതേസമയം, ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന സംശയത്തിലാണ് പൊലീസ്.കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്നും ഇതിന്റെ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാവാം കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. സജീവ് കൃഷ്ണയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. യുവാവിന്റെ ശരീരത്തില്‍ ഇരുപതിലേറെ മുറിവുകളുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കും, കഴുത്തിലും നെഞ്ചിലുമാണ് ആഴത്തിലുള്ള മുറിവുകളുള്ളത്.
അര്‍ഷാദിന്റെ ലഹരി ഇടപാടുകള്‍ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇന്നുച്ചയ്ക്കാണ് കർണാടകത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിൽ കാസർകോട് അതിൽത്തിയിൽ വച്ച് അര്‍ഷാദ് പിടിയിലാവുന്നത്. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദിലേക്ക് എളുപ്പത്തിൽല പൊലീസെത്തിയത്. കോഴിക്കോട് രാമനാട്ട് കരയിലായിരുന്നു അര്‍ഷാദിന്‍റെ മൊബൈൽ ഫോണിന്‍റെ അവസാന ടവര്‍ ലൊക്കേഷൻ. ഇതോടെ ഇയാൾ വടക്കൻ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചു. സംഘം ചേർന്ന് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പൊലീസിന്‍റെ വലയിലായത്.