തിരുവനന്തപുരം: വിവാദങ്ങളും ആരോപണങ്ങളും തുടർച്ചയാകുന്ന സാഹചര്യത്തിൽ സർക്കാരിനെയും പാർട്ടിയെയും പ്രതിരോധിക്കാൻ സോഷ്യൽ മീഡിയ തന്ത്രങ്ങളുമായി സി.പി.എം. നവമാധ്യമങ്ങളിൽ “ലൈക്കുകൾ’ ഉറപ്പു വരുത്തണമെന്നും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയുള്ള പ്രചാരണം ശക്തമാക്കണമെന്നും തുടങ്ങിയ നിർദേശങ്ങളാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അവലോകന രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലൈക്കുകൾ ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും ബൂത്തുകളിൽ 200 പേരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എതിരാളികൾക്കു വിപുലമായ പ്രചരണ സംവിധാനമാണ് നിലവിലുള്ളത്. പ്രചരണ വാചകങ്ങൾ പോലും ഇത്തരം സംവിധാനങ്ങളാണ് നൽകുന്നത്. എതിർപ്രചരണങ്ങളെ പ്രതിരോധിക്കാനായി ഇത്തരം നീക്കങ്ങൾ ആവശ്യമാണ്.
നവ മാധ്യമ രംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്നതിൽ ഇപ്പോൾ വലിയ പോരായ്മയുണ്ടെന്നാണ് പാർട്ടി നിരീക്ഷണം. ഓരോ വകുപ്പിന് നേരെയും ഉയർന്നു വരുന്ന ആരോപണങ്ങൾ അതാത് ഘട്ടങ്ങളിൽ പ്രതിരോധിക്കണം. മന്ത്രി ഓഫിസുകളുടെ ഏകോപനത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് മുൻകൈയ്യെടുക്കണമെന്നും പിആർഡി സംവിധാനം ഏറെ മെച്ചപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്.
സർക്കാരിൻറെ വികസന നേട്ടം എല്ലാ വീടുകളിലുമെത്തിക്കുന്നതിനായി പിആർഡിയുമായി സഹകരിച്ച് പദ്ധതി തയാറാക്കണം. സർക്കാരിൻറെ പ്രവർത്തനം തെറ്റായി എത്തിക്കാൻ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ സിപിഎം ഇക്കാര്യത്തിൽ വലതുപക്ഷ മാധ്യമങ്ങൾ മത്സരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.