കോട്ടയം: കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് അപകടത്തിൽ മരിച്ചത്.
വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. രോഗബാധിതയായ അമ്മിണിയെ ചികിത്സയ്ക്കായി കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിൽ അപകടം സംഭവിച്ചത്.
ഉടൻ തന്നെ അമ്മിണിയെ കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാരമായി പരുക്കേറ്റ അമ്മിണിയുടെ മകൾ ബ്ലെസി ആശുപത്രിയിൽ ചികിത്സയിലാണ്.
വാഹനം ഓടിച്ചിരുന്ന മകൻ ജേക്കബിന് പരുക്കുകളൊന്നുമില്ല. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന സംഘവും സ്ഥലത്തെത്തി അപകട സ്ഥലത്തു നിന്നും കാര്‍ മാറ്റി.