ന്യൂഡൽഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ആംആദ്മി പാർട്ടി എം.എൽ.എ അമാനതുല്ലാ ഖാൻറെ ഡൽഹിയിലെ വസതിയിൽ റെയ്ഡ് നടത്തി ഇ.ഡി. ഓഖ്‌ല മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് 49 കാരനായ ഖാൻ.
ഡൽഹി വഖഫ് ബോർഡിൽ അനധികൃത നിയമനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആൻറി കറപ്ഷൻ ബ്യൂറോയും(എ.സി.ബി) സി.ബി.ഐയും ഖാനെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതേത്തുടർന്ന് 2022ൽ എ.സി.ബി ഖാനെ അറസ്റ്റ് ചെയ്തു.
ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരുന്ന കാലത്ത് 32 പേരെ അനധികൃതമായി നിയമിച്ചുവെന്നും സാമ്പത്തിക തിരിമറിയും മറ്റു ക്രമേക്കേടുകളും നടത്തിയെന്നുമാണ് എ.സി.ബി എഫ്.ഐ.ആറിൽ ആരോപിച്ചിരുന്നത്.
ഇതിൻറെ ചുവടു പിടിച്ചാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഖാൻറെ ഉടമസ്ഥതയിലുള്ള ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നത്. എ.എ.പി എം.പി സഞ്ജയ് സിങ്ങിൻറെ വസതിയിൽ റെയ്ഡ് നടത്തിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് എഎപിയുടെ മറ്റൊരു നേതാവിനെ കൂടി ഇഡി ലക്ഷ്യമിടുന്നത്.