ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ വധിച്ചതായി സൈന്യം. ചൊവ്വാഴ്ച പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
അൽഷിപ്പോറ മേഖലയിൽ ഭീകരസാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തെരച്ചിലാണ് ആറു മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിൽ കലാശിച്ചത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് എക്സിൽ കുറിച്ചു.
മോറിഫത് മഖ്ബൂൽ, ജാസിം ഫാറൂഖ് എന്നറിയപ്പെടുന്ന അബ്രാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കുറച്ചു മാസങ്ങൾക്കു മുൻപ് ബാങ്ക് സുരക്ഷാ ജീവനക്കാരനായിരുന്ന കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്രാർ എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.