ടെൽ അവിവ്: ഹമാസിൻറെ മിന്നൽ ആക്രമണത്തിൽ 33 ഇസ്രേലി സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം. ഇതോടെ ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 134 ആയി ഉയർന്നു. അതേസമയം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 3 പലസ്തീൻ മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഇസ്രയേൽ സേന നടത്തിയ വെടിവയ്പ്പിലും വ്യോമാക്രമണത്തിലുമാണ് 2 റിപ്പോർട്ടർമാരും ഒരു ഫോട്ടോഗ്രാഫറും കൊല്ലപ്പെട്ടത്. ഇതോടെ സംഘർഷം തുടങ്ങിയതിനു ശേഷം കൊല്ലപ്പെട്ട ആകെ മാധ്യമപ്രവർത്തകരുടെ എണ്ണം ആറായി. കൂടാതെ ഹമാസ് ആക്രമണത്തിൽ 6 തായ്‌ലഡുകാർ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ഇതിനിടെ പലസ്തീൻ പ്രസിഡൻറ് മുഹമൂദ് അബ്ബാസ് റഷ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.
പലസ്തീൻ അംബാസിഡർ അബ്ദുൾ ഹഫീസ് നോഫലിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ ഹമാസിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് നേരത്തെ റഷ്യ നിലപാടറിയിച്ചിരുന്നു.
ഹമാസിൻറെ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കണമെന്ന് യുഎൻ രക്ഷാ കൗൺസിൽ യോഗത്തിൽ അമേരിക്ക ആവശ്യപ്പെട്ടപ്പോൾ, റഷ്യ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പലസ്തീൻ പ്രസിഡൻറിൻറെ റഷ്യൻ സന്ദർശനം. എന്നാൽ ആക്രമണത്തിൽ അമെരിക്ക നേരിട്ട് പങ്കെടുക്കില്ലെന്നും സൈന്യത്തെ യുദ്ധത്തിൽ അയയ്ക്കില്ലെന്നും അറിയിച്ചു.
ഇസ്രയേലിൻറെ സുരക്ഷ ഉറപ്പാക്കാൻ മെഡിറ്ററേനിയൻ കടലിലേക്ക് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ അയച്ച് യു.എസ്. യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡെന്ന വിമാനവാഹിനിയാണ് ഇസ്രയേൽ തീരത്തേക്കു നീങ്ങുന്നത്.
ലെബനനിൽ നിന്നു ഹിസ്ബുള്ള ഗ്രൂപ്പ് ഉൾപ്പെടെ ഇസ്രയേലിനെതിരേ ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിലാണ് മെഡിറ്ററേനിയൻ കടലിലേക്ക് യുഎസ് വിമാനവാഹിനി എത്തുന്നത്. സാങ്കേതിക മികവിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള വിമാനവാഹിനിയാണ് യു.എസ്.എസ് ജെറാൾഡ് ആർ.ഫോർഡ്. 333 മീറ്റർ നീളവും 78 മീറ്റർ വീതിയും 76 മീറ്റർ ഉയരവുമുള്ള കപ്പലിൽ അത്യാധുനിക മിസൈലുകൾ ഘടിപ്പിച്ചിട്ടുണ്ട്.