തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായമേറിയ പഠിതാവ് കാർത്ത്യായനിയമ്മ നിര്യാതയായി. 101 വയസ്സായിരുന്നു. ആലപ്പുഴയിലെ ചേപ്പാട് സ്വദേശിയായ കാർത്ത്യായനിയമ്മ കുറച്ചു കാലമായി പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായിരുന്നു.
കേരളത്തിന്‍റെ അക്ഷരലക്ഷം പരീക്ഷയിൽ 96-ാം വയസ്സിൽ ഒന്നാം റാങ്ക് നേടി വിജയിച്ചതോടെയാണ് രാജ്യത്തിന്‍റെ ശ്രദ്ധ കാർത്ത്യായനിയമ്മയിലേക്ക് തിരിഞ്ഞത്.
43,330 പേർ പങ്കെടുത്ത നാലാം ക്ലാസ് തുല്യതാ പരീക്ഷയിലാണ് കാർത്ത്യായനിയമ്മ 98 ശതമാനം മാർക്കോടെ വിജയിച്ചത്. 2020ൽ നാരീ ശക്തി പുരസ്കാരം അവരെ തേടിയെത്തി.
2019ൽ കോമൺ വെൽത്ത് ലേണിങ് അംബാസഡർ ആയിരുന്നു കാർത്ത്യായനിയമ്മ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും അവർക്കു അവസരം ലഭിച്ചു.
റിപ്പബ്ലിക് ദിന പരേഡിൽ കാർത്ത്യായനിയമ്മയുടെ പൂർണകായ പ്രതിമ ഉൾപ്പെടുത്തിയ പ്ലോട്ടാണ് കേരളം അവതരിപ്പിച്ചിരുന്നത്. ആറു മക്കളുടെ അമ്മയായ കാർത്ത്യായനിയമ്മ ക്ഷേത്രങ്ങളിലും മറ്റും ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.
ഏഴാം ക്ലാസ് തുല്യതാ പരീക്ഷയ്ക്കു വേണ്ടി പഠിക്കുന്നതിനിടെയാണ് കിടപ്പിലായത്. പത്താം ക്ലാസ് പരീക്ഷ വിജയിക്കണമെന്നായിരുന്നു ആഗ്രഹം. കംപ്യൂട്ടർ പഠിക്കണമെന്ന് അറിയിച്ചതിനെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് കാർത്ത്യായനിയമ്മയ്ക്ക് ലാപ്ടോപ്പ് സമ്മാനിച്ചിരുന്നു.
കേരളത്തിന്‍റെ സാക്ഷരതാ പദ്ധതിക്ക് കാർത്ത്യായനി അമ്മയുടെ വേർപാടിലൂടെ വലിയ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.