കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാറിന് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സഹകരണ രജിസ്ട്രാർ റ്റി.വി.സുഭാഷ് ഐ.എ.എസിനാണ് നോട്ടീസ് നൽകിയത്.
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും രജിസ്ട്രാർ ഹാജരായിരുന്നില്ല. തലേന്ന് രാത്രിയാണ് നോട്ടീസ് ലഭിച്ചതെന്നും അസൗകര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി റ്റി.വി.സുഭാഷ് ഹാജരായിരുന്നില്ല.
അതേസമയം ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് റബ്‌കോ എം.ഡി പി.വി.ഹരിദാസന്‍റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. റബ്‌കോയുടെ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇ.ഡി ചോദിച്ചിരുന്നു.
രേഖകള്‍ ഇന്നു ഹാജരാക്കാമെന്ന് ഹരിദാസന്‍ അറിയിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് റബ്‌കോയില്‍ പണം നിക്ഷേപിച്ചിരുന്നു. പ്രതിസന്ധി ഉയര്‍ന്നതോടെ, ഈ നിക്ഷേപം തിരികെ വാങ്ങാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതു നടന്നില്ല. ബാങ്കില്‍ തട്ടിപ്പ് ആരോപണം ഉയര്‍ന്നതിന് പിന്നാലെ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും അന്വേഷണവും നടന്നിരുന്നു.