Timely news thodupuzha

logo

അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ ഇന്ദുലേഖ പിതാവിനെയും കൊല്ലാൻ ശ്രമിച്ചു

തൃശൂര്‍ : കുന്നംകുളത്ത് അമ്മയെ കൊന്ന മകള്‍  പിതാവിനെയും കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ്. പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി ചായയില്‍ കലര്‍ത്തി ഇരുവര്‍ക്കും നല്‍കുകയായിരുന്നു. എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനാല്‍ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല. അതേ സമയം ചായ കുടിച്ച അമ്മ രുഗ്മിണി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.

മാതാപിതാക്കളുടെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് മകള്‍ ഇന്ദുലേഖ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. പതിനാല് സെന്‍റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു ശ്രമം. തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്. സംഭവത്തില്‍ പൊലീസ് ഇന്ദുലേഖയെ കസ്റ്റഡിയില്‍ എടുത്തു.

രുഗ്മിണിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നവരെ വിളിച്ച് പൊലീസ് ചോദ്യം ചെയ്തു.

ചായയിലെ രുചി മാറ്റവും വീട്ടിലെ കീടനാശിനിയുടെ സാന്നിധ്യവും അച്ഛന്‍ പറഞ്ഞതോടെയാണ് ആ വഴിക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ ഇത് സമ്മതിക്കുകയായിരുന്നു. 17-ാം തിയതിയാണ് രുഗ്മിണിക്ക് വിഷം കൊടുത്തത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 19ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

അച്ഛനും അമ്മയ്ക്കും കുട്ടികള്‍ക്കും ഒപ്പം കീഴൂരിലാണ് ഇന്ദുലേഖ താമസിച്ചിരുന്നത്. ഭര്‍ത്താവ് വിദേശത്താണ്. ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷം രൂപ കടം ഉണ്ടായിരുന്നു. ഇത് തീര്‍ക്കാനായി 14 സെന്‍റ് ഭൂമിയും കൈക്കലാക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

Leave a Comment

Your email address will not be published. Required fields are marked *