കാസർഗോഡ്: കാഞ്ഞങ്ങാട് ട്രെയിൻ പാളം മാറി കയറിയ സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് കൂടുതൽ പരിശീലനം നൽകാൻ റെയിൽവേയുടെ തീരുമാനം. ട്രെയിൻ പാളം മാറി കയറിയത് സാങ്കേതിക തകരാറു മൂലമാവാമെന്നായിരുന്നു പ്രഥമിക നിഗമനം.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് സാങ്കേതിക തകരാറുകളൊന്നു തന്നെയില്ലെന്നും സ്റ്റേഷൻ മാസ്റ്ററുടെ ഭാഗത്തു നിന്നും ഉണ്ടായ ചെറിയ അശ്രദ്ധമാത്രമാണ് ഇതിനു കാരണമെന്നും അധികൃതർ കണ്ടെത്തിയത്.
തുടർന്നാണ് സ്റ്റേഷൻ മാസ്റ്റർക്ക് 15 ദിവസത്തെ പരിശീലനം നൽകാൻ റെയിൽവേ തീരുമാനിച്ചത്. വ്യാഴാഴ്ച 6.45 ഓടെയാണ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്സ്പ്രസ്സ് ട്രെയിൻ ട്രാക്ക് മാറിക്കയറിയത്. ട്രാക്ക് മാറി എന്ന് മനസ്സിലാക്കിയ ഉടൻ തന്നെ വണ്ടി നിർത്തുകയായിരുന്നു. ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.