Timely news thodupuzha

logo

ത്രികക്ഷി കരാർ വ്യവസ്ഥകൾക്ക് വിരുദ്ധം; അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ

1947ലെ ഇന്ത്യ നേപ്പാൾ ബ്രിട്ടൻ ത്രികക്ഷി കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമെന്ന് ആരോപിച്ച് അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ സർക്കാർ. നാല് വർഷത്തെ നിയമനം നൽകുന്ന പദ്ധതിയുടെ വ്യവസ്ഥകളെക്കുറിച്ച് വ്യക്തതയില്ലെന്നും നേപ്പാൾ പറഞ്ഞു. നേപ്പാൾ വിദേശകാര്യമന്ത്രി നാരായൺ ഖാദകയാണ് ഇക്കാര്യം ഇന്ത്യൻ അംബാസഡറെ ഔദ്യോഗികമായി അറിയിച്ചത്. കരസേനാ മേധാവി മേജർ മനോജ് പാണ്ഡെയുടെ നേപ്പാൾ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് നേപ്പാളിന്‍റെ ഈ തീരുമാനം. 75 വർഷം മുമ്പാണ് ഇന്ത്യൻ സൈന്യത്തിൽ ഗൂർഖ റെജിമെന്‍റ് യാഥാർത്ഥ്യമായത്.

അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലിയിലൂടെ മിലിട്ടറി പൊലീസിൽ ചേരാൻ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നുണ്ട്. നവംബർ 1 മുതൽ 3 വരെ ബംഗളുരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ ബെംഗളൂരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെൻ്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകൾക്ക് പങ്കെടുക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് തെരഞ്ഞെടുക്കപ്പടുന്നത്.

പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് വിശദമായ വിവരങ്ങൾ എന്നിവ www.joinindianarmy.nic.in വെബ്സൈറ്റിൽ ലഭ്യമാണ്. താൽപര്യമുള്ള സ്ത്രീകൾക്ക് ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 7 വരെ ഈ വെബ്സൈറ്റ് വഴി ഓണലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2022 ഒക്ടോബർ 12നും 31നും ഇടയിൽ അഡ്മിറ്റ് കാർഡ് അയയ്ക്കും.