Timely news thodupuzha

logo

ഇന്ധന വിലയിൽ ചരിത്രം ആവർത്തിക്കുന്നു

കൊച്ചി: പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് ഡ്യൂട്ടി കൂട്ടുന്നതു സംബന്ധിച്ച്, കേന്ദ്ര സഹമന്ത്രിയായിരിക്കെ വി. മുരളീധരൻ നടത്തിയ വിശദീകരണം ഒരുപാടു ട്രോളുകൾക്കു പാത്രമായിട്ടുള്ളതാണ്. എന്നാൽ, ”അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ ഇവിടെ വില കൂടുന്നില്ല” എന്ന മുരളീധരൻറെ ആ പഴയ വിചിത്രവാദം തന്നെയാണ് ഇപ്പോഴും കേന്ദ്ര സർക്കാർ പിന്തുടരുന്നത് എന്നതാണ് യാഥാർഥ്യം. ഏറ്റവുമൊടുവിൽ, തിങ്കളാഴ്ചയാണ് പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് ഡ്യൂട്ടിയിൽ രണ്ട് രൂപ വീതം വർധന കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓ‍യിൽ വിലയിലുണ്ടായ കുറവ് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടില്ല എന്നതാണ് ഇതിൻറെ ഫലം. അന്താരാഷ്ട്ര വിലയും ഡോളർ വിനിമയ നിരക്കും കണക്കാക്കി രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വില പരിഷ്കരിക്കുന്ന രീതി മുൻ യുപിഎ സർക്കാരാണ് നടപ്പാക്കിയത്.

കൊവിഡ് കാലഘട്ടത്തിനു ശേഷം അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില കുതിച്ചുയർന്നതോടെ എൻഡിഎ സർക്കാർ ഈ രീതി ഒഴിവാക്കി. അന്ന് വില വർധനയുടെ ഭാരം എണ്ണക്കമ്പനികൾ തന്നെ വഹിക്കുകയാണ് ചെയ്തത്. പകരം, പിന്നീട് വില കുറഞ്ഞപ്പോൾ ലഭിച്ച അധിക ലാഭം അവരുടെ നഷ്ടം നികത്താൻ ഉപയോഗിക്കുകയും ചെയ്തു. കൂടാതെ, ഇതുവഴി ലഭിക്കുന്ന അധിക നികുതി സർക്കാരിനു വരുമാനവുമായി. പിന്നീട് വില കൂടുമ്പോൾ എക്സൈസ് നികുതി കുറയ്ക്കുന്നതും, വില കുറയുമ്പോൾ നികുതി കൂട്ടുന്നതുമായി കീഴ്‌വഴക്കം. ‌

ഈ രീതി തന്നെയാണ് തിങ്കളാഴ്ചത്തെ നികുതി പ്രഖ്യാപനത്തിലും പ്രതിഫലിച്ചിരിക്കുന്നത്. പുതിയ നികുതി അനുസരിച്ച്, പെട്രോൾ ലിറ്ററിന് 13 രൂപയും, ഡീസൽ ലിറ്ററിന് 10 രൂപയുമായി എക്സൈസ് നികുതി വർധിക്കുന്നു. ഈ വർധന വന്നില്ലെങ്കിൽ ഉപയോക്താക്കൾക്ക് ഓരോ ലിറ്റർ ഇന്ധനത്തിലും രണ്ട് രൂപ വീതം ലാഭിക്കാൻ കഴിയുമായിരുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിൻറെ വില ഏറ്റവും ഒടുവിൽ 74.31 ഡോളറിൽനിന്ന് 69.94 ഡോളറായി കുറഞ്ഞിട്ടുണ്ട്.

വരും ദിവസങ്ങളിൽ ഇതിനിയും കുറയുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ഉപയോഗത്തിനുള്ള പെട്രോളിയം ഇന്ധനത്തിൽ 88 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് എന്നതിനാൽ ഈ വിലക്കുറവ് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണ്.

Leave a Comment

Your email address will not be published. Required fields are marked *