മലപ്പുറം: ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി ശരിവച്ചു. നിർബന്ധിത ലയനത്തിനുള്ള സഹകരണ സൊസൈറ്റി നിയമ ഭേദഗതി ചോദ്യം ചെയ്തു കൊണ്ട് നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു.
ഇതോടെ യു.ഡി.എഫ് നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കും കേരള ബാങ്കിൻറെ ഭാഗമായി. ലയന പ്രമേയമോ അഡ്മിനിസ്‌ട്രേറ്റർ ഭരണമോ ഇല്ലെങ്കിലും ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കിൻറെ ഭാഗമായി ഏറ്റെടുക്കാമെന്നാണ് സഹകരണ സൊസൈറ്റിയുടെ നിയമ ഭേദഗതി. 2021ലായിരുന്നു ഹർജിക്ക് ആധാരമായ നിയമ ഭേഗഗതി.
ഇത് ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻറ് യുഎ ലത്തീഫ് എംഎൽഎയാണ് ഹൈക്കോടതിയെ സമീപിച്ചത്. സഹകരണ നിയമ ഭേദഗതി നിലനിൽക്കുന്നതല്ലെന്ന റിസർവ് ബാങ്കിൻറെ നിലപാടും ഹൈക്കോടതി അംഗീകരിച്ചില്ല.