കൊച്ചി: മെട്രൊ റെയിൽ ലിമിറ്റഡിനെതിരെ ഭിന്നശേഷി കമ്മീഷൻ സ്വമേധയ കേസെടുത്തു. എളംകുളം മെട്രൊ സ്റ്റേഷന് സമീപത്തായി നിർമിക്കുന്ന പുതിയ നടപ്പാതയിലെ പോസ്റ്റുകൾ മാറ്റാത്തതും കേബിളുകൾ നീക്കം ചെയ്യാത്തതുമായ കാരണം കാട്ടിയാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്.
നിലവിൽ ഭിന്നശേഷി സൗഹൃദമെന്ന പേരിൽ നടപ്പാതയിൽ ടൈലുകളടക്കം പാകിയെങ്കിലും പാതയിലെ പോസ്റ്റുകൾ നീക്കം ചെയ്തിട്ടില്ല. ഭിന്നശേഷിക്കാർക്ക് വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചാണ് പാതയുടെ നിർമാണ പ്രവർത്തനമെന്ന് ആരോപണം ഉയർന്നിരുന്നു.
തുടക്കത്തിൽ തന്നെ നടപ്പാത ഭിന്നശേഷി സൗഹൃദമെന്ന് കെ.എം.ആർ.എൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, കാഴ്ചപരിമിതിയുള്ള ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന വിധമാണ് നടപ്പാതയിലെ പോസ്റ്റുകൾ നിലനിൽക്കുന്നതെന്നു ഭിന്നശേഷി കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഈ നടപ്പാതയുടെ നിർമാണം നടന്നുവരികയാണെന്നും നോൺ മോട്ടറൈസ്ഡ് ട്രാൻസ്പോർട്ട് പദ്ധതിയുടെ ഭാഗമായാണ് നടപ്പാത നവീകരിക്കുന്നതെന്നും ഭാവിയിൽ ഇവയെല്ലാം നീക്കം ചെയ്യുമെന്നുമാണ് കെഎംആർഎൽ നൽകുന്ന വിശദീകരണം.
1116.73 കോടി ചെലവിൽ കെ.എം.ആർ.എൽ കൊച്ചി മെട്രൊ കടന്നുപോകുന്ന ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഭാഗങ്ങളിൽ നവീകരണ ജോലികൾ നടന്നുവരികയാണ്. പദ്ധതിയുടെ ഭാഗമായ ജോലികൾ ഇതിനായി ഭൂപ്രദേശസർവേ, ഡിസൈൻ എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി ആലുവ മുതൽ ഇടപ്പള്ളി മെട്രൊ സ്റ്റേഷൻ വരെയും കലൂർ – കടവന്ത്ര റോഡ്, മനോരമ ജങ്ഷൻ മുതൽ എസ്.എ റോഡ്, തൃപ്പൂണിത്തുറ എസ്.എൻ ജങ്ങ്ഷൻ വരെയുമാണ് എൻ.എം.ടി പദ്ധതിയുടെ ഭാഗമായ നിർമാണ – നവീകരണ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിൽ കലൂർ – കടവന്ത്ര റോഡിലെ നിർമാണത്തിലാണ് ഭിന്നശേഷി കമ്മീഷൻ ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.
ഭിന്നശേഷിയുള്ളവർ, കാഴ്ചപരിമിതർ, വയോധികർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന രീതിയിൽ രാജ്യാന്തര നിലവാരത്തിലാണ് നടപ്പാത നിർമാണമെന്നാണ് കെ.എം.ആർ.എൽ വ്യക്തമാക്കിയിരിക്കുന്നത്.