Timely news thodupuzha

logo

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി പുരസ്‌കാരം കെ.എം.മൂസഹാജിക്ക് സമ്മാനിച്ചു, സൗഹൃദം പങ്കുവെക്കാനുള്ള കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറണം; സാദിഖലി ശിഹാബ് തങ്ങൾ

കൊച്ചി: പങ്കുവെക്കലുകൾക്കും കൂടിയിരിക്കലുകൾക്കും സമയം കണ്ടെത്താനാകാത്ത ഇന്നത്തെ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൗഹൃദം പങ്കുവെക്കാനുള്ള കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബഹുസ്വരത വളർത്താനും ജാതി മത വേർതിരിവുകൾ സമൂഹത്തിൽ ഇല്ലാതാക്കാനും വിദ്യാഭ്യാസം കൊണ്ട് കഴിയണം. സൗഹൃദം പുതുക്കാനുള്ള മേഖലയായി വിദ്യാഭ്യാസ മേഖലയെ പൂർണമായും മാറ്റണം.

മതം ജാതി പ്രത്യയശാസ്ത്രം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള അകൽച്ചകൾക്ക് വേണ്ടി പ്രത്യേക ലോബി തന്നെ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ അത്തരത്തിലുള്ള വേർതിരിവിലേക്ക് പോകാതെ വിദ്യാർത്ഥികളേയും അതു വഴി സമൂഹത്തേയും രക്ഷിക്കാൻ വിദ്യാഭ്യാസത്തിന് കഴിയണമെന്നും തങ്ങൾ പറഞ്ഞു.

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിക്ക് നൽകുന്ന ഡോ.അർജുൻ സിംഗ് അവാർഡ് തൊടുപുഴ അൽ അസ്ഹർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ കെ. എം മൂസ ഹാജിക്ക് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരത വളരുന്ന ഇടമായി തൊഴിലിടങ്ങൾ മാറിയിട്ടുണ്ട്. ജോലിക്കാർക്കിടയിൽ പങ്കുവെക്കൽ കാര്യമായി നടക്കുന്നു. ഈ പങ്കുവെക്കലുകളും കൂടിയിരിക്കലുകളും എല്ലാ മേഖലയിലേക്കും വളരണമെന്നും തങ്ങൾ പറഞ്ഞു.

ലോകം മുഴുവൻ വിദ്യാഭ്യാസ മേഖലക്ക് വൻ പ്രാധാന്യം നൽകിയാണ് മുന്നോട്ടു പോകുന്നത്.ഈ മേഖലയിലെ മാറ്റങ്ങളും സങ്കീർണ്ണതകളും ഉൾക്കൊണ്ട് സമൂഹത്തിന്റെ പ്രതീക്ഷക്കൊത്തുയരാനും അതനുസരിച്ച് സംഭാവനകൾ നൽകാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല.

നമ്മുടെ സർക്കാരുകൾ ബജറ്റിൽ തുക മാറ്റി വെക്കുന്നുണ്ടെങ്കിലും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലക്കനുസരിച്ച് മുന്നേറാൻ കഴിയുന്നില്ല.

വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തോടെ വിദ്യാഭ്യാസ രംഗം കുതിക്കുകയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും പുരോഗമിക്കുകയും വിവര സാങ്കേതിക വിദ്യ കാര്യമായി കടന്നുവരവ് നടത്തുകയും ചെയ്തതോടെ അതിനൊപ്പം ഓടിയെത്താൻ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് കഴിയുന്നില്ല.

ഏറ്റവും കൂടുതൽ മാറ്റങ്ങൾക്ക് വിധേയമാവുന്ന മേഖലയായി വിദ്യാഭ്യാസ മേഖല മാറിയിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ മേഖലയുടെ പ്രാധാന്യം സർക്കാറുകൾ തിരിച്ചറിയണം. യൂണിവേഴ്‌സിറ്റികളുടെ സ്വകാര്യവൽക്കരണം ഉൾപ്പെടെ ലോകത്ത് വിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റങ്ങൾ ഇന്ത്യയിലും വന്നു കഴിഞ്ഞു. സ്വകാര്യ മേഖലയ്ക്ക് വിദ്യാഭ്യാസ രംഗത്ത് വലിയ പങ്കുവഹിക്കാനാകുമെന്നാണ് ഇത് തെളിയിക്കുന്നത്. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് മിഷണറിമാർ കാണിച്ച മാതൃക അഭിനന്ദനാർഹമാണ്. മറ്റു മതവിഭാഗങ്ങളും ഈ മാതൃകയെ പിൻപറ്റുകയായിരുന്നെന്നും തങ്ങൾ പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ അഡ്വ എ.കെ.മുസ്തഫ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി കെ.എം.മൂസ ഹാജിക്ക് അനുമോദന പത്രിക സമർപിച്ചു.

ഉമാ തോമസ് എം.എൽ.എ, മുൻ എം.എൽ.എ റ്റി.എ.അഹമ്മദ് കബീർ, ബിഷപ്പ് ഡോ.ഏലിയാസ് മാർ അത്താനിയോസ്, സ്വാമി ആത്മദാസ് യമി, കെ.എം.പരീദ്, അഡ്വ. മുഹമ്മദ് ഷാ, ഹംസ പാറക്കാട്ട്, അഡ്വ. വി.ഇ.അബ്ദുൽ ഗഫൂർ, വർഗീസ് കുര്യൻ, അഡ്വ. വി.കെ.ബീരാൻ, അഡ്വ. കെ.എ.റഷീദ്, അഡ്വ. റ്റി.പി.എം.ഇബ്രാഹിം ഖാൻ, എച്ച്.ഇ.മുഹമ്മദ് ബാബു സേട്ട്, സുബൈർ നെല്ലിക്കാപ്പറമ്പ്, നടുക്കണ്ടി അബൂബക്കർ, നിസാർ ഒളവണ്ണ, സി.മുഹമ്മദ് കുഞ്ഞി, അഹമ്മദ് പുന്നക്കൽ എന്നിവർ പ്രസംഗിച്ചു.

കെ.എം.മൂസ ഹാജി മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി കൺവീനർ സലീം കൈപ്പാടം സ്വാഗതവും ന്യൂനപക്ഷ സമിതി വൈസ് പ്രസിഡണ്ട് ക്രസന്റ് മുഹമ്മദലി നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *