മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വീണ്ടും ഭീഷണി സന്ദേശം. ഇമെയിൽ വഴി 400 കോടിരൂപ ആവശ്യപ്പെട്ടാണ് സന്ദേശമെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. നാലു ദിവസത്തിനുള്ളിൽ മൂന്നാമത്തെ ഭീഷണി സന്ദേശമാണ് മുകേഷ് അംബാനിക്ക് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് 20 കോടി രൂപ ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് അഞ്ജാതമായ ഇമെയിൽ ഐഡിയിൽ നിന്നും സന്ദേശം എത്തുന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാർ പരാതി നൽകുകയയാിരുന്നു. പിന്നാലെ ശനിയാഴ്ച 200 കോടി രൂപ ആവശ്യപ്പെട്ടും പിന്നീട് തിങ്കളാഴ്ച 400 കോടി രൂപ ആവശ്യപ്പെട്ടും അതേ ഐഡിയിൽ നിന്ന് ഭീഷണി സന്ദേശം എത്തി.
ഇമെയിൽ സന്ദേശത്തിൻറെ ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് മുംബൈ പോലീസ്. ഇതിൻറെ ഭാഗമായി ക്രൈംബ്രാഞ്ചും സൈബർ സംഘവും ശക്തമായ അന്വേഷണം നടത്തുന്നുണ്ട്.