മോസ്‌കോ: സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചേവ് (91) അന്തരിച്ചു. മോസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ഗൊര്‍ബച്ചേവ് ചികില്‍സയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഗൊര്‍ബച്ചേവിന്‍റെ നിര്യാണത്തില്‍ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. സോവിയേറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഗൊര്‍ബച്ചേവ്. അമെരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ ഗൊര്‍ബച്ചേവ് നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍, 1991ല്‍ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.
ആറു വര്‍ഷം സോവിയറ്റ് യൂണിയന്‍റെ പ്രസിഡന്‍റായിരുന്നു ഗൊര്‍ബച്ചോവ് കൊണ്ടുവന്ന ഭരണപരിഷ്‌കരണ നടപടികളാണു ലക്ഷ്യംകാണാതെ ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്‍റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.1985 ല്‍ യുഎസ്എസ്ആറിന്റെ അധികാരമേറ്റ ഗൊര്‍ബച്ചേവ് വികസനത്തിനായി രാഷ്ട്രീയ സുതാര്യത വാഗ്ദാനം ചെയ്യുന്ന ഗ്ലാസ്നോസ്തും സാമ്പത്തിക ഉദാരവല്‍ക്കരണമായ പെരിസ്ട്രോയിക്കയും കൊണ്ടുവന്നുവെങ്കിലും വിജയം കണ്ടില്ല.