തിരുവനന്തപുരം: കോൺഗ്രസ് രാജ്യത്തു മതേതരത്വം പറയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.മറ്റിടങ്ങളിൽ മൃദു ഹിന്ദുത്വ സമീപനമാണ് അവർ സ്വീകരിക്കുന്നത്- കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി കേസരി ഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന്, ഒരു പാർട്ടി ജാഥ നടത്തുന്നതിനോട് തങ്ങൾക്ക് അഭിപ്രായവ്യത്യാസമില്ല എന്നായിരുന്നു മറുപടി. ജാഥ നടത്താനുള്ള ജനാധിപത്യ അവകാശം എല്ലാ പാർട്ടികൾക്കുമുണ്ട്. ഇപ്പോൾ കോൺഗ്രസിൽ അതു നടക്കുമോ ഇല്ലയോ എന്നു പറയാൻ സാധിക്കില്ല. കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റവും വരുത്താൻ അവരുടെ യാത്രയ്ക്കു കഴിയില്ല.
കോൺഗ്രസിന്റെ ഐഡന്റിറ്റി സംബന്ധിച്ച് അവർക്കുള്ളിൽ തന്നെയാണ് തർക്കവും പ്രശ്നവും. ഗുലാം നബി ആസാദിനെപ്പോലുള്ള സീനിയർ നേതാക്കൾ ഇപ്പോൾ കോൺഗ്രസ് എന്താണെന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. ഇനി ആരൊക്കെയാണ് കോൺഗ്രസ് വിടുന്നതെന്നു പറയാൻ സാധിക്കില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പു കൂടി കഴിഞ്ഞാൽ ഏതു സംസ്ഥാനത്ത് കോൺഗ്രസ് ഉണ്ടാവും?
ഇതര സർക്കാരുകളെ ശിഥിലീകരിക്കുക എന്നതാണ് ബിജെപി നയം. മഹാരാഷ്ട്രയിൽ അത് കണ്ടു. ബിഹാറിൽ ആ ശ്രമം വിജയിച്ചില്ല. ഇപ്പോൾ ഡൽഹിയിലും അതേ അടവാണ് സ്വീകരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തെയാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഡി വട്ടമിട്ടു പറന്നത് അതിന്റെ ഭാഗമാണ്.
അനുമതി കിട്ടിയാൽ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ കെ റെയ്ൽ സിൽവർലൈൻ പദ്ധതി നടക്കും. കേരളത്തിന്റെ 50 വർഷത്തെ വളർച്ചയെ അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണിത് . കേന്ദ്ര സമ്മതത്തോടെയാണ് പദ്ധതി നടപടികൾ തുടങ്ങിയത്. അതിനെ പാതിവഴിയിൽ അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ സമ്മർദമാണ് യുഡിഎഫ് നടത്തുന്നത്.വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം സർക്കാർ വിരുദ്ധമെന്ന് പറഞ്ഞിട്ടില്ല. ചെറിയ വിഭാഗം മാത്രമാണ് ഗവൺമെന്റിന് എതിരായി തിരിയുന്നത്. ജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ പരിശോധിച്ചു പരിഹാരത്തിലേക്കു പോവുകയെന്നതാണ് സർക്കാർ നിലപാട്- ഗോവിന്ദൻ വ്യക്തമാക്കി.
സർക്കാരിന് എല്ലാ പിന്തുണയും നൽകി പാർട്ടിയെ ഏകോപിപ്പിച്ച് കൊണ്ടുപോകുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂണിയൻ ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ് സ്വാഗതവും സെക്രട്ടറി അനുപമ ജി. നായർ നന്ദിയും പറഞ്ഞു.