Timely news thodupuzha

logo

പുന്നമടക്കായലിൽ ഇന്ന് ആവേശപ്പോര് ; ആലപ്പുഴ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ : 68-ാമത് നെഹ്റുട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ നടക്കും. 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 77 കളിവള്ളങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കും.

രാവിലെ 11ന്  ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിക്കും.ഉച്ചയ്ക്ക് ശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ഫൈനലും.നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഇന്ന് രാവിലെ 9 മണി മുതല്‍ ആലപ്പുഴ നഗരത്തില്‍ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

രാവിലെ 6 മണിമുതല്‍ ആലപ്പുഴ നഗരത്തില്‍ ജനറല്‍ ആശുപത്രി ജംഗ്ഷന് വടക്കുവശം മുതല്‍ കൈചൂണ്ടി ജംഗ്ഷന്‍, കൊമ്മാടി ജംഗ്ഷന്‍ വരെയുള്ള റോഡരികുകളില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതും,  ഉടമയില്‍ നിന്ന് പിഴ ഈടാക്കുന്നതുമായിരിക്കും.

രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണിവരെ      ജില്ലാ കോടതി വടക്കെ ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് തത്തംപള്ളി കായല്‍ കുരിശടി ജംഗ്ഷന്‍ വരെ വാഹനഗതാഗതം അനുവദിക്കുന്നതല്ല. കൂടാതെ വൈ.എം.സി.എ തെക്കേ ജംഗ്ഷന്‍ മുതല്‍ കിഴക്ക് ഫയര്‍ഫോഴ്സ് ഓഫീസ് വരെയുള്ള ഭാഗം കെ.എസ്.ആര്‍.ടി.സി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കുന്നതല്ല.

നെഹ്റുട്രോഫി വള്ളംകളി കാണാന്‍ ആലപ്പുഴ തണ്ണീര്‍മുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ എസ് ഡി വി സ്ക്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യേണ്ടതും, എറണാകുളം ഭാഗത്തു നിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷന്‍ വഴി എസ് ഡി വി സ്ക്കൂള്‍ ഗ്രൗണ്ടിലെത്തി പാര്‍ക്കുചെയ്യേണ്ടതുമാണ്. 

ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ കാര്‍മല്‍, സെന്‍റ് ആന്‍റണീസ് സ്ക്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യേണ്ടതാണ്.

വള്ളംകളി കഴിഞ്ഞ് നെഹ്റുപവലിയനില്‍ നിന്നും തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് ഏര്‍പ്പാട് ചെയ്തിട്ടുള്ളതും അപകടം ഒഴിവാക്കുന്നതിനായി ജനങ്ങള്‍ തിക്കുംതിരക്കും ഒഴിവാക്കേണ്ടതുമാണ്.

Leave a Comment

Your email address will not be published. Required fields are marked *