ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി സ്ഥാനാർഥിയായേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്റു കുടുംബത്തിൽ നിന്നു ആരും മത്സരിച്ചേക്കില്ലെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രാഹുൽ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ വിദേശത്തുള്ള രാഹുൽ മടങ്ങിയെത്തുന്നതോടെ വീണ്ടും അദ്ദേഹത്തോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം നേതാക്കൾ ഉയർത്തിയേക്കും. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ രാജിവച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തണമെന്ന ആവശ്യം മുന്നിൽ നേതാക്കൾ വെച്ചിരുന്നുവെങ്കിലും അദ്ദേഹം അത് തള്ളിയിരുന്നു.
മത്സരിക്കാനില്ലെന്ന നിലപാട് രാഹുൽ ആവർത്തിച്ചതോടെ ഔദ്യോഗിക പക്ഷ സ്ഥാനാർഥികളായി മുതിർന്ന നേതാക്കളായ അശോക് ഗെഹലോട്ട്, മുകുൾ വാസ്നിക് എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ടായിരുന്നു. മറുവശത്ത് ജി-23 യിൽ നിന്നുളള നേതാക്കളും തങ്ങളുടെ പ്രതിനിധികൾ മത്സരിക്കുമെന്ന് വ്യക്തമാക്കി. എന്നാൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്റു കുടുംബാംഗങ്ങൾ തന്നെ വേണമെന്ന നിലപാട് ആവർത്തിക്കുകയാണ് അവരെ അനുകൂലിക്കുന്ന നേതാക്കളിൽ പലരും.
രാജ്യമെടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നിച്ചു കൊണ്ടുപോവാന്‍ ആ കുടുംബത്തിനേ കഴിയൂവെന്നാണ് നേതാക്കൾ പറയുന്നത്. പാർട്ടിയെ നയിക്കാൻ രാഹുൽ തന്നെ വേണമെന്നതാണ് എല്ലാവരുടെയും ആവശ്യം. അതുകൊണ്ട് അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അദ്ദേഹം സമ്മതം മൂളാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് ഇന്നു നടത്താനിരിക്കുന്ന ഡല്‍ഹിയിലെ പ്രതിഷേധ റാലിയും രാജ്യവ്യാപകമായി രാഹുൽ നടത്തുന്ന ഭാരത് ജോഡോ പദയാത്രയും എത്രത്തോളം സ്വീകരിക്കപ്പെടുമെന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ തീരുമാനം.
രാഹുൽ സ്ഥാനാർഥിയായി എത്തിയാൽ മത്സരിക്കാനൊരുങ്ങുന്ന ജി-23 യിലെ ശശി തരൂർ അടക്കമുള്ളവർ രംഗത്തുണ്ടാവില്ല. സോണിയ കുടുംബത്തിനെതിരെ ഒരു മത്സരത്തിന് തയാറല്ലെന്ന നിലപാടിലാണ് ശശി തരൂർ. അതേസമയം രാഹുൽ ഗാന്ധി മത്സിച്ചാലും താൻ നിൽക്കുമെന്നാണ് മനീഷ് തിവാരി വ്യക്തമാക്കിയത്.അതിനിടെ, വോട്ടർപട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം ശശി തരൂർ ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിക്ക് കത്തയച്ചു.
തെരഞ്ഞെടുപ്പ് പ്രകിയ സുതാര്യമാകണമെങ്കിൽ വോട്ടർ പട്ടിക പരസ്യമാക്കണമെന്നാണ് നേതാക്കൾ പറയുന്നത്. ഓരോ ബ്ലോക്കിൽ നിന്നുള്ള പിസിസി അംഗങ്ങൾക്കാണ് വോട്ടവകാശം. അഞ്ച് വർഷം മുൻപ് ഇലക്റ്ററൽ കോളെജിൽ 9,531 പിസിസി പ്രതിനിധികളാണുണ്ടായരുന്നത്. ഇത്തവണ വോട്ടർമാരുടെ എണ്ണം സിഇഎ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ്. പട്ടിക പുറത്തുവിടില്ലെന്ന് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.